thrissur local

ഫാഷിസത്തെ പ്രതിരോധിക്കാന്‍ കലാകാരന്‍മാര്‍ മുന്‍പന്തിയില്‍ നില്‍ക്കണം: പ്രിയനന്ദനന്‍



കുന്നംകുളം: ഫാഷിസത്തെ പ്രതിരോധിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടവരാണ് കലാകാരന്‍മാരെന്ന് ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍. നാടക കലാകാരനായിരുന്ന അനൂപ് സിദ്ധാര്‍ത്ഥ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിന്റെ വരവിനെ കുറിച്ച് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സംസാരിച്ച് തുടങ്ങിയവരാണ് കലാകാരന്‍മാര്‍. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാനോ ഉന്‍മൂലനം ചെയ്യാനോ മടിക്കാത്തവരാണ് ഫാഷിസ്റ്റുകളെന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഗൗരി ലങ്കേഷിന്റെ വധം. എന്നാല്‍ ഭയപ്പെട്ട് പിന്‍മാറേണ്ടവരല്ല കല കാരനെന്നും നെറികേടുകള്‍ക്കെതിരെ കലാപമുയര്‍ത്തുകയും അടിച്ചമര്‍ത്തപ്പെടുന്നവനോട് ഐക്യപ്പെടേണ്ടവനുമാണ് കലാകാരനെന്നും പ്രിയനന്ദനന്‍ കൂട്ടി ചേര്‍ത്തു. ചൂണ്ടല്‍ കെ.എ.പി.ടി.യൂണിയന്‍ ഹാളില്‍ നടന്ന സൗഹൃദസദസ്സില്‍ സോബി സൂര്യഗ്രാമം അധ്യക്ഷനായി. സുനില്‍ ചൂണ്ടല്‍, റോഷന്‍ ബാബു, കെ.എം.മധു, കെ.കെ.ബിനീഷ്, തുടങ്ങിയവര്‍ സംസാരിച്ചു. സൗഹൃദസദസ്സിന്റെ ഭാഗമായി നടന്ന സമൂഹ ചിത്രരചനയുടെ ഉദ്ഘാടനം അമന്‍ ബാസ് നിര്‍വ്വഹിച്ചു.അനൂപ് സിദ്ധാര്‍ത്ഥയുടെ സുഹൃത്തുക്കള്‍, നാടക കലാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.അമേച്ചര്‍ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടകിന്റെ കുന്നംകുളം  ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനൂപിന്റെ 13 മത് ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it