ഫാഷിസത്തെ പ്രതിരോധിക്കാന്‍ മഴവില്‍ മുന്നണിക്കേ സാധ്യമാവൂ: കനയ്യകുമാര്‍

കൊച്ചി: ഒരു നേതാവ് ഒരു പാര്‍ട്ടി എന്ന ആശയവുമായി രാജ്യത്തു ശക്തമാവുന്ന ഫാഷിസത്തിനെ പ്രതിരോധിക്കാന്‍ മഴവില്‍ മുന്നണിക്കു മാത്രമേ കഴിയൂവെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. വര്‍ഗീയ ഫാഷിസത്തിനെതിരേ എറണാകുളം ടൗണ്‍ഹാളില്‍ എഐഎസ്എഫ് സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍.
രാജ്യത്തെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മഴവില്‍മുന്നണിക്കുമാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആസാദി സംഗമത്തിന്റെ വേദിയില്‍ ഐസയുടെ നേതാവ് ഷഹല റഷീദ് ഷോറയും എസ്എഫ്‌ഐ നേതാവും മുന്‍ എസ്എഫ്‌ഐ നേതാക്കളും മുന്‍ എന്‍എസ്‌യു നേതാവും എഐഎസ്എഫ്, എഐവൈഎഫ് നേതാക്കളോടൊപ്പമുണ്ടെന്നതുതന്നെ മഴവില്‍ മുന്നണിയുടെ പ്രധാന്യത്തെയാണു കാണിക്കുന്നതെന്നും കനയ്യകുമാര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങള്‍ക്കു വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്രമോദി അധികാരത്തിലെത്തി രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല.
വിദേശത്ത് പര്യടനം നടത്തി രാജ്യത്തെ വില്‍പന നടത്തുകയാണു മോദി ചെയ്യുന്നത്. വിദേശത്ത് മോദി സംസാരിക്കുമ്പോള്‍ എത്രതവണ കൈയടി ഉണ്ടായെന്നു കണക്കെടുത്ത് പ്രചരിപ്പിക്കുന്ന മോദി ഭക്തര്‍ വിദേശത്തുവച്ച് ഒപ്പുവയ്ക്കുന്ന കരാറുകളെക്കുറിച്ച് യാതൊന്നും പറയാന്‍ തയ്യാറാവുന്നില്ലെന്നും കനയ്യകുമാര്‍ കുറ്റപ്പെടുത്തി. വാഗ്ദാനങ്ങള്‍ പാലിക്കാതെ രാജ്യത്തെ വില്‍പന നടത്തുന്ന നരേന്ദ്രമോദിക്കെതിരേ ജനങ്ങള്‍ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമെന്നും കള്ളപ്രചാരണങ്ങള്‍കൊണ്ടും ഹിംസകൊണ്ടും ചോദ്യങ്ങളെ പ്രതിരോധിക്കാനാവില്ലെന്നും സത്യം ഒരുനാള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആസാദി സംഗമം സംഘാടകസമിതി ചെയര്‍മാന്‍ എന്‍ അരുണ്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സി. അംഗം അഡ്വ. കെ രാജന്‍ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, എന്‍എസ്‌യു മുന്‍ ദേശീയ പ്രസിഡന്റ് ഹൈബി ഈഡന്‍ എംഎല്‍എ, ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, ജെഎന്‍യു വൈസ് പ്രസിഡന്റ് ഷഹ്‌ല റഷീദ് ഷോറ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it