palakkad local

ഫാഷിസത്തെ നേരിടാന്‍ കല മികച്ച മാര്‍ഗം : മന്ത്രി എ കെ ബാലന്‍



പാലക്കാട് :സമൂഹത്തെ ബാധിക്കുന്ന ഫാഷിസത്തെ നേരിടാന്‍ കലയാണ് മികച്ച മാര്‍ഗമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെയുള്ള തിരുത്തല്‍ ശക്തിയായി കലാകാരന്മാര്‍ മാറണം. കുറ്റങ്ങളും കുറവുകളും കണ്ടെത്തി തങ്ങളുടേതായ കലാ മാധ്യമത്തിലൂടെ സമൂഹത്തോട് ഉറക്കെ വിളിച്ചുപറയാനുള്ള ബാധ്യത കലാകാരന്മാര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഫിലിം ഫെസ്റ്റിവല്‍ നടത്താനായി തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ തിയറ്റര്‍ സമുച്ചയം, എല്ലാ ജില്ലകളിലും ഓരോ സാംസ്‌കാരിക നിലയങ്ങള്‍ എന്നിവയുടെ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും. ആയിരം യുവ കലാകാരന്മാര്‍ക്ക് പ്രതിമാസം 10000 രൂപ ഫെലോഷിപ്പ് നല്‍കുന്നതിന് 13.5 കോടി, ഒ.എന്‍.വി സ്മാരക സമുച്ചയത്തിന് അഞ്ച് കോടി, കൊച്ചി മുസരിസ് ബിനാലക്ക് രണ്ട് കോടി, 33 സാംസ്‌കാരിക സംഘടനകള്‍ക്കായി അഞ്ച് കോടി, ചിറ്റൂര്‍ ചിത്രാഞ്ജലി തിയറ്റര്‍ നവീകരണത്തിന് നാല് കോടി, മാനവീയം വീഥി നവീകരണത്തിന് 50 ലക്ഷം എന്നിങ്ങനെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്‌കാരിക വകുപ്പ് തുടക്കമിട്ട് കഴിഞ്ഞു. മണ്‍മറഞ്ഞുപോയ കലാകാരന്മാരുടെ പേരില്‍ വിവിധയിടങ്ങളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തില്‍ 20 തിയറ്ററുകള്‍ എന്നിവ സര്‍ക്കാരിന്റെ ആലോചനയിലാണെന്നും മന്ത്രി വ്യക്തമാക്കി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ ആസ്തി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 70 ലക്ഷത്തില്‍നിന്നും 8.5 കോടി രൂപയായും കലാകാരന്മാരുടെ അംഗത്വം 1700ല്‍ നിന്നും 2100 ആക്കി ഉയര്‍ത്താനായെന്നും മന്ത്രി പറഞ്ഞു. കലാകാരന്മാരുടെ പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 2000 ആക്കി വര്‍ധിപ്പിച്ചു. ഇത് 3000 രൂപയാക്കുമെന്നും മന്ത്രി ബാലന്‍ അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും ജില്ലയിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകരെ ക്ഷേമനിധിയില്‍ അംഗങ്ങളാക്കുന്നതിനുമാണ്  സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ട്, രവി തൈക്കാട്ടിന്റെ ഏകാഭിനയ ലഘുനാടകം, നാടോടി നാടക നൃത്ത സംഗീത കലാകേന്ദ്രം അവതരിപ്പിച്ച പൊറാട്ടുകളി, തങ്കമ്മ അവതരിപ്പിച്ച തുയിലുണര്‍ത്തുപാട്ടുകള്‍, പ്രണവം ശശിയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങേറി.ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി ദീപ.ഡി.നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it