ഫാഷിസത്തെ നേരിടാന്‍ ഇരകളുടെ കൂട്ടായ പ്രതിരോധം അനിവാര്യം: ഭാസുരേന്ദ്ര ബാബു

തിരുവനന്തപുരം: ഫാഷിസം ഇന്ത്യയുടെ ഭരണക്രമമായി മാറിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ അതിനെ നേരിടാന്‍ ഇരകളുടെ കൂട്ടായ പ്രതിരോധം ആവശ്യമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിനു രൂപം നല്‍കുകയും അതിന് അനുസൃതമായി ജീവിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ഭീകരതക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'നിവര്‍ന്നുനില്‍ക്കുക, മുട്ടിലിഴയരുത്' എന്ന കാംപയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ഏകോപനത്തിന്റെ പിന്തുണയോടെ മറ്റെല്ലാ വിഭാഗങ്ങളെയും അമര്‍ച്ച ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഹൈന്ദവ പുനരുദ്ധാരണം ഇവിടെ നടപ്പാക്കാനുള്ള നീക്കം നടന്നപ്പോഴൊക്കെ അവര്‍ ലക്ഷ്യംവച്ചത് മുസ്‌ലിംകളെയാണ്.
അടിയന്തരാവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ വിഭാഗത്തിന്റെയും സംരക്ഷണനിര ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതേതര, കീഴാള, മതന്യൂനപക്ഷങ്ങളാണ് ഇപ്പോഴും രാജ്യത്ത് സംഘപരിവാരത്തിന്റെ ഇരകളെന്ന് സെമിനാറില്‍ സംസാരിച്ച പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയ ഭീകരതക്കെതിരേ മൂന്നു ശക്തികളുടെയും ഒരുമിച്ചുള്ള പ്രക്ഷോഭത്തിന് തടസ്സമാവുന്ന സാഹചര്യം ഇവര്‍ പരിശോധിക്കണം. ഐക്യത്തിന്റെ കവാടങ്ങള്‍ തുറന്നുവച്ചുള്ള ഒരു ചെറുത്തുനില്‍പ്പിലൂടെ മാത്രമേ ഈ മൂന്നുവിഭാഗങ്ങള്‍ക്കും നിലനില്‍പ്പ് സാധ്യമാവൂ.
സംഘപരിവാരത്തിനെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നു പറയുന്ന ഇടതുപക്ഷത്തിലും മധ്യവലതുപക്ഷം എന്നറിയപ്പെടുന്ന കോണ്‍ഗ്രസ്സിലും പലപ്പോഴും ഹിന്ദുത്വ പ്രീണനത്തിന്റെ പ്രതിഫലനങ്ങള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വലിയ ചര്‍ച്ചയ്ക്ക് വിധേയമാവേണ്ട വിഷയമാണ് വര്‍ഗീയഭീകരതയെന്ന് മുന്‍മന്ത്രി സുരേന്ദ്രന്‍പിള്ള പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര-സ്വാതന്ത്ര്യ മൂല്യങ്ങള്‍ തകര്‍ക്കാന്‍ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിച്ചാല്‍ അതിനെ കൂട്ടത്തോടെ എതിര്‍ത്തേ മതിയാവൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ ഇബ്രാഹിം മൗലവി അധ്യക്ഷത വഹിച്ചു. അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, വി എം ഫഹദ്, പനവൂര്‍ അബ്ദുസ്സലാം, ഇ സുല്‍ഫി, വനജാ ഭാരതി, മുജീബ് റഹ്മാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it