ഫാഷിസത്തിന് എതിരെ ആടിയും പാടിയും പ്രതിരോധം തീര്‍ത്ത് മനുഷ്യ സംഗമം

കൊച്ചി: രാജ്യത്ത് ശക്തമാവുന്ന ഫാഷിസത്തിനെതിരേ പീപ്പിള്‍ എഗെയ്ന്‍സ്റ്റ് ഫാഷിസം എന്ന വേദിയുടെ ആഭിമുഖ്യത്തില്‍ ബഹുജന കൂട്ടായ്മകള്‍ ആടിയും പാടിയും പ്രതിരോധം തീര്‍ത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന മനുഷ്യ സംഗമത്തില്‍ സിനിമാ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രശസ്തര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ അണിനിരന്നു.
ഫാഷിസത്തിനെതിരെ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചു നല്‍കിയ ശാസ്ത്രജ്ഞന്‍ ഡോ. പി എം ഭാര്‍ഗവ സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യം ഇല്ലാതാവുകയാണെന്നും ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമം നടക്കുന്നെന്നും പി എം ഭാര്‍ഗവ പറഞ്ഞു. കവി സച്ചിദാനന്ദന്‍, ലീന മണിമേഖല, എം എ ബേബി, ആനന്ദ്, ദളിത് നേതാവ് കെ എം സലീംകുമാര്‍, സി കെ ജാനു തുടങ്ങിയവര്‍ പങ്കെടുത്തു. നിരവധി സാമുഹിക സാംസ്‌കാരിക കലാരംഗങ്ങളിലെ ആളുകള്‍ സംഗമത്തിന് ഐക്യദാര്‍ഡ്യവുമായെത്തി.
ഉച്ചയ്ക്കു ശേഷം നടന്ന ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വി എസ് സുനില്‍കുമാര്‍ എംഎല്‍എയും ആശംസകളര്‍പ്പിച്ചു. സംവിധായകന്‍ ആഷിക് അബു, സിനിമാ താരങ്ങളായ റിമ കല്ലിങ്കല്‍, ശ്രിന്‍ഡ, വിനയ് ഫോര്‍ട്ട്, സജിത മഠത്തില്‍, രശ്മി സതീഷ്, അരുന്ധതി തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന പൊതുസമ്മേളനം പോസ്‌കേ സമരനായകന്‍ അഭയ് സാഹു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, ആഷിക് അബു, എം എന്‍ രാവുണ്ണി, പ്രഫ. പി ജെ ജെയിംസ്, സി ആര്‍ നീലകണ്ഠന്‍ പങ്കെടുത്തു. പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ അവതരിപ്പിച്ച ഗസല്‍ സന്ധ്യയും ശ്രദ്ധേയമായി. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധിപേര്‍ മനുഷ്യ സംഗമത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it