ഫാഷിസത്തിനെതിരേ യോജിച്ച മുന്നേറ്റം വേണം: പോപുലര്‍ ഫ്രണ്ട്

പുത്തനത്താണി: രാജ്യത്തെ സന്തുലിതത്വവും സമത്വവും സമാധാനവും തകര്‍ക്കുന്ന വിനാശകരമായ ഫാഷിസ്റ്റ് പ്രവണതകളെ തടയാന്‍ മതവിശ്വാസികളും മതനിരപേക്ഷശക്തികളും യോജിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ കെ എം ശരീഫ് ആഹ്വാനം ചെയ്തു. പുത്തനത്താണിയില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ സുരക്ഷയ്ക്കു നേരേ ഉയരുന്ന വെല്ലുവിളികളും ഒരു വിഭാഗം സാമൂഹികമായി ബഹിഷ്‌കരിക്കപ്പെടുന്നതും അരാജകത്വം സൃഷ്ടിക്കുന്നതും രാജ്യത്തെ വിനാശത്തിലേക്കു നയിക്കുകയാണ്. ഇതിനെതിരായ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഫാഷിസ്റ്റ് അനുകൂലികളെ കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ പ്രബുദ്ധകേരളം അനുവദിക്കരുതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തു മാര്‍ഗം അവലംബിച്ചും കുറച്ച് സീറ്റുകള്‍ കൈക്കലാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് സംഘപരിവാര ശക്തികള്‍. ഇതിനാവശ്യമായ പലതരം കുല്‍സിത നീക്കങ്ങളും നടന്നുവരുകയാണ്. ഇതു തിരിച്ചറിയാന്‍ മതേതര ശക്തികള്‍ ഉദാസീനത കാണിക്കരുത്. കേരളത്തിന്റെ മതേതര രാഷ്ട്രീയ പാരമ്പര്യം തകര്‍ക്കാന്‍ ഫാഷിസ്റ്റു ശക്തികളെ അനുവദിച്ചു കൂടാത്തതാണ്.
പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ആനുകൂല്യം പറിച്ചെറിയാനുള്ള ഗൂഢനീക്കങ്ങളെ ചെറുക്കാനും രണ്ടാം സംവരണ പോരാട്ടത്തിന് തയ്യാറാവാനും അസംബ്ലി ആഹ്വാനം ചെയ്തു. മണ്ഡല്‍ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി സംവരണാവകാശം നിലനിര്‍ത്തുന്നതിനു വേണ്ടി സമരരംഗത്തിറങ്ങാന്‍ പിന്നാക്ക വിഭാഗങ്ങള്‍ കൈകോര്‍ക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. കേരളത്തില്‍ അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കളെ സംബന്ധിച്ച് സര്‍വേ നടത്തണമെന്നും ഇതിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യുഎപിഎ ആര്‍ക്കെതിരേയും ചുമത്താന്‍ പാടില്ലെന്നും പ്രസ്തുത നിയമം താമസംവിനാ പിന്‍വലിക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. മതധ്രുവീകരണത്തിനു നിമിത്തമായ ലൗ ജിഹാദ് വിവാദം വീണ്ടും കുത്തിപ്പൊക്കാനുള്ള തല്‍പരകക്ഷികളുടെയും വര്‍ഗീയവാദികളുടെയും ഗൂഢനീക്കങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച ജനറല്‍ അസംബ്ലി ഇത്തരം നീക്കങ്ങള്‍ക്ക് അടിയന്തരമായി തടയിടാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍, ബി നൗഷാദ്, കെ മുഹമ്മദലി, എ സത്താര്‍, സി പി മുഹമ്മദ് ബഷീര്‍, കെ സാദത്ത് ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it