ഫാഷിസത്തിനെതിരേ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് എന്‍ഡബ്ല്യുഎഫ് സെമിനാര്‍

കോഴിക്കോട്: ഫാഷിസം സ്ത്രീവിരുദ്ധമാണെന്നും അതിനെതിരായ പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രഖ്യാപിച്ച് നാഷനല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യുഎഫ്) സെമിനാര്‍. 'ഫാഷിസം സ്ത്രീവിരുദ്ധം: നമുക്ക് പൊരുതുക' എന്ന പ്രമേയത്തില്‍ എന്‍ഡബ്ല്യൂഎഫ് സംസ്ഥാന കമ്മിറ്റിയാണ് വനിതാ ദിനത്തില്‍ കോഴിക്കോട്ട് സെമിനാര്‍ സംഘടിപ്പിച്ചത്.
സ്ത്രീകള്‍ക്ക് മുഖ്യ പങ്കാളിത്തമുള്ള ഒരു മുന്നേറ്റത്തിനു മാത്രമേ ഫാഷിസത്തെ പരാജയപ്പെടുത്താനാവൂ എന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇതിനു സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യേണ്ടതുണ്ട്. മതനിരപേക്ഷത, തുല്യത, മതമൈത്രി തുടങ്ങിയ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. ഇത്തരം കാര്യങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കുമെന്ന്  ഉറപ്പുനല്‍കിയാണ് സെമിനാര്‍ സമാപിച്ചത്.
സ്ത്രീപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സെമിനാര്‍ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം ഫാത്തിമ മുസഫര്‍ (ചെന്നൈ) ഉദ്ഘാടനം ചെയ്തു. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ വ്യത്യാസങ്ങള്‍ക്കപ്പുറം ഇന്ത്യക്കാരെല്ലാം ഒന്നാണെന്ന ചിന്തയാണ് ഫാഷിസത്തിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് അവര്‍ പറഞ്ഞു. മനുഷ്യത്വം, നീതി, തുല്യത, മതേതരത്വം എന്നിവയ്ക്കു വേണ്ടി നാം നിലകൊള്ളണം.
വിവിധ നിറങ്ങള്‍ കൊണ്ട് മനോഹരമായ രാജ്യത്തെ കാവിയെന്ന ഏക വര്‍ണത്തിലേക്ക് മാറ്റാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. മുസ്‌ലിംകളും ദലിതരും മറ്റു പിന്നാക്കക്കാരുമെല്ലാം ഭരണകൂട ഭീകരതയുടെ ഇരകളാണിന്ന്. ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കുന്നത്. ഫാഷിസ്റ്റ് പൈശാചികത കേട്ടില്ലെന്നും കണ്ടില്ലെന്നും നടിച്ചു മുന്നോട്ടുപോകാനാവില്ലെന്നും അതിനെതിരേ വായ തുറന്നു പ്രതികരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. എന്‍ഡബ്ല്യൂഎഫ് സംസ്ഥാന പ്രസിഡന്റ് എ നസീമ അധ്യക്ഷത വഹിച്ചു. ഫാഷിസം സ്‌നേഹശൂന്യവും സമൂഹവിരുദ്ധവുമാണെന്നും അതിനെതിരേ സ്‌നേഹത്തില്‍ അധിഷ്ഠിതമായ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്നും തുടര്‍ന്ന് സംസാരിച്ച ഡോ. ജെ ദേവിക പറഞ്ഞു.
രാജ്യത്ത് സംഘപരിവാരം ഏറ്റവും കൂടുതല്‍ ഉന്നംവയ്ക്കുന്നത് സ്ത്രീകളെയാണെന്ന് എന്‍ഡബ്ല്യൂഎഫ് പ്രസിഡന്റ് എ എസ് സൈനബ അഭിപ്രായപ്പെട്ടു. ഇറ്റലിയില്‍ ഫാഷിസ്റ്റുകളും ജര്‍മനിയില്‍ നാത്‌സികളും തുടര്‍ന്നുവന്ന അതേ നയമാണ് ഇന്ത്യയില്‍ സംഘപരിവാരം അനുവര്‍ത്തിക്കുന്നത്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാട്ടം തന്നെയാണ് മാര്‍ഗം. അതിനു കെല്‍പുള്ള സ്ത്രീസമൂഹം ഉണ്ടെന്നു ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രശസ്ത ചിത്രകാരി കബിത മുഖോപാധ്യായ, എന്‍ഡബ്ല്യുഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹബീബ, കെ കെ റൈഹാനത്ത്, നസീഹ, കെ വി ജമീല എന്നിവരും സംസാരിച്ചു.
Next Story

RELATED STORIES

Share it