malappuram local

'ഫാഷിസത്തിനെതിരേ പോരാടാന്‍ എസ്ഡിപിഐക്ക് പരിമിതികളില്ല'



വേങ്ങര: പരിമിതികളില്ലാതെ ഫാസിസത്തിനെതിരെ പോരാടാന്‍ എസ്ഡിപിഐക്കു മാത്രമെ സാധിക്കൂവെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍മജീദ്. എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കണ്ണമംഗലം വട്ടപ്പൊന്തയില്‍ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ചെയ്യുന്ന ന്യൂനപക്ഷ-മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തുകയും തരംകിട്ടുമ്പോഴൊക്കെ ഫാസിസത്തോട് സന്ധിയാവുകയും ചെയ്യുന്ന ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ കാപട്യം പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ആര്‍എസ്എസ് നടത്തിയ മുസ്‌ലിം വംശഹത്യകളെക്കുറിച്ച് വാചാലമാകുന്ന സിപിഎമ്മും ഇടതുപക്ഷവും കേരളത്തില്‍ ആര്‍എസ്എസ് മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ആര്‍എസ്എസ് അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതു പോലും ഭീതിയോടെയാണ് ഇരുമുന്നണികളും കാണുന്നത്. പരിമിതികളില്ലാത്ത ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് എസ്ഡിപിഐയെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ കെ അബ്ദുറഹിമാന്‍, സി എം സഅദുദ്ദീന്‍, സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it