thrissur local

ഫാഷിസത്തിനെതിരേ തൃശൂരില്‍ പ്രതിഷേധ ജ്വാല



തൃശൂര്‍: ഗൗരി ലങ്കേഷ് അടക്കം പത്രപ്രവര്‍ത്തകരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും എതിര്‍ശബ്ദമുയര്‍ത്തുന്നവരെയും ഇല്ലാതാക്കുന്ന വര്‍ഗീയ ഫാഷിസത്തിനെതിരേ സാംസ്‌കാരിക നഗരത്തില്‍ പ്രതിഷേധ ജ്വാല ആളിക്കത്തി. 75 ഓളം സാംസ്‌കാരിക-രാഷ്ട്രീയ-തൊഴിലാളി ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ മതേതര പ്രതിഷേധജ്വാലയുമായി പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരം വളഞ്ഞു.  ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും പേരില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത് സാഹിത്യകാരി പ്രഫ. സാറ ജോസഫ് പറഞ്ഞു. മോദിക്ക്  പേടിയാണ്. അതുകൊണ്ടാണ് മോദിയെ വിമര്‍ശിച്ച പ്രകാശ് രാജിനെതിരെ കേസെടുത്തത്. ചിന്തക്കും കലക്കും, ജനഹൃദയങ്ങളെ കീഴടക്കാനാകും. കലക്കുള്ള ശക്തി മന്‍ കി ബാത് പോലുള്ള ഗീര്‍വാണങ്ങള്‍ക്കില്ല.  ആ ശക്തി തിരിച്ചറിഞ്ഞതിനാലാണ് മാധ്യമങ്ങളുടെയും കലാകാരന്മാരുടെയും നേര്‍ക്ക് ഹിന്ദുത്വ ശക്തികള്‍  വിറളി പിടിച്ച് കുരയ്ക്കുന്നത്. ഒന്നുകില്‍ മാധ്യമങ്ങളുടെ വായടക്കുക, അല്ലെങ്കില്‍ വിലക്കുവാങ്ങുക എന്നതാണ് ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ലക്ഷ്യം. കല്‍ബുര്‍ഗിയെ കൊന്നു. ധബോല്‍ക്കറെ കൊന്നു, പന്‍സാരയെ കൊന്നു. ഇപ്പോഴിതാ ഗൗരിയെയും.  മൂന്നരവര്‍ഷം കൊണ്ട് ബിജെപിക്കുണ്ടായ നേട്ടങ്ങളുടെ പട്ടികയില്‍ അവരുടെ ജീവിതങ്ങള്‍ പിടഞ്ഞുവീണുകൊണ്ടിരിക്കുന്നു. പക്ഷേ കേരള ജനത പ്രബുദ്ധരാണ്. കേരളത്തില്‍  പ്രതിഷേധങ്ങളെ നേരിടാനാകാതെ ബിജെപി നേതാവ് പര്യടനം മുഴുവനാക്കാതെ ഓടിപ്പോകേണ്ടി വന്നെന്നും അവര്‍ പറഞ്ഞു. ഡോ. വി ജി ഗോപാല കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ശരത് ചേലൂര്‍ സ്വഗതം പറഞ്ഞു. എം എന്‍ വിനയകുമാര്‍ ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ.കുക്കു നന്ദി പറഞ്ഞു.പാര്‍വതി പവനന്‍. സി രാവുണ്ണി, പി എന്‍ ഗോപികൃഷ്ണന്‍, കാവുമ്പായി ബാലകൃഷ്ണന്‍, എം എന്‍ സചീന്ദ്രന്‍, പി ജെ ആന്റണി, പി വി കൃഷ്ണന്‍ നായര്‍, പ്രിയനന്ദനന്‍, ശ്രീജ ആറങ്ങോട്ടുകര, ഷീബ അമീര്‍, ജോര്‍ജ് പുലിക്കുത്തിയില്‍, പൗലോസ്, കെ എന്‍ ഹരി, അഡ്വ.പ്രേംപ്രസാദ്, അഡ്വ.ആര്‍ കെ ആശ, പി എസ് ഇഖ്ബാല്‍, ബെന്നി ബെനഡിക്ട്, ഐ ഷണ്‍മുഖദാസ്, ഹുസൈന്‍ സല്‍സബീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  തുടര്‍ന്ന് ദീപു സംവിധാനം ചെയ്ത ‘ഔവര്‍ ഗൗരി ‘ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
Next Story

RELATED STORIES

Share it