kozhikode local

ഫാഷിസത്തിനെതിരേ ഐക്യമുന്നണി അനിവാര്യം: കനയ്യകുമാര്‍

കോഴിക്കോട്: രാജ്യത്തെ ഹിന്ദുത്വ ഫാഷിസത്തിനെതിരേ ജനാധിപത്യ ശക്തികളുടെ ഐക്യമുന്നണി അനിവാര്യമാണെന്ന് വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണം പുലര്‍ത്തുന്ന ബിജെപി ഇതര രാഷ്ട്രീയ കക്ഷികള്‍ ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ജനാധിപത്യത്തി ല്‍ വിയോജിപ്പുകളുടെ അനിവാര്യത’ എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു കനയ്യ കുമാര്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിനായി എല്ലാവരും ഒരുമിക്കണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ എന്നതിലപ്പുറം താനൊരു വിശാല ഇടതുപക്ഷ സഹയാത്രികനാണ്. മാര്‍ക്‌സിസ്റ്റുകളും സോഷ്യലിസ്റ്റുകളും അംബേദ്കറിസ്റ്റുകളും പരിസ്ഥിതിവാദികളുമെല്ലാം ഇടതുപക്ഷമാണ്. വൈവിധ്യത്തില്‍ അധിഷ്ഠിതമായ മാതൃകാ ജനാധിപത്യമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. മഹാത്മാ ഗാന്ധിക്കും ഭഗത് സിങിനും ഇടമുണ്ടായിരുന്ന ജനാധിപത്യമായിരുന്നു നമ്മുടെത്. അത് ഇനിയും അങ്ങനെ തന്നെയാവണം. ഭൂരിപക്ഷം ജനങ്ങള്‍ക്കും അവകാശങ്ങള്‍ ലഭിക്കാത്ത നിയോ ലിബറലിസത്തെ നാം പുനര്‍നിര്‍വജിക്കണം. കമ്മ്യൂണിസ്റ്റ്കാര്‍ക്കിടയില്‍ സ്വയം വിമര്‍ശനം ഇനിയും ശക്തമാവേണ്ടതുണ്ട്. നല്ല വസ്ത്രവും കാറും വൃത്തിയുള്ള വീടും സ്വന്തമായുള്ളവര്‍ മാര്‍ക്‌സിസ്റ്റുകള്‍ അല്ലെന്ന കാഴ്ചപ്പാട് ശരിയല്ല. അങ്ങനെയായിരുന്നെങ്കില്‍ സ്യൂട്ടും കോട്ടും ധരിച്ചിരുന്ന ലെനിനെപോലുള്ള ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ കമ്മ്യൂണിസ്റ്റുകളല്ലെന്ന് പറയേണ്ടി വരുമെന്നും കനയ്യകുമാര്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍ മോഡറേറ്ററായി.
Next Story

RELATED STORIES

Share it