ഫാഷിസത്തിനെതിരെ യുദ്ധം അനിവാര്യമായ സമയം: കാംപസ് ഫ്രണ്ട്

കോഴിക്കോട്: ഭക്ഷണ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമെതിരായ നിരന്തര ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത് ഫാഷിസത്തിനെതിരേ സംഘടിത പ്രതിരോധത്തിന്റെ അനിവാര്യതയാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് പ്രസ്താവിച്ചു. മതവര്‍ഗീയത ഇളക്കിവിട്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ആര്‍.എസ്.എസ്. അജണ്ടയുടെ ഭാഗമാണ് അടുത്തിടെ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മതേതര സമൂഹം എന്ന വിശാലതയില്‍ നിന്നും മതസമൂഹം എന്ന അസഹിഷ്ണുതയിലേക്കാണ് ആര്‍.എസ്.എസ്. ജനങ്ങളെ കൊണ്ടെത്തിക്കുന്നത്.

ഹിന്ദുത്വ ഫാഷിസത്തിന്റെ ബീഫ് വിരോധം ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ്. ഇതിനെതിരേ പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും അനുവദിക്കില്ലെന്നാണ് പറയുന്നത്. തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിഷാന്തിനെതിരായ പരാതിയും കോലാഹലങ്ങളും അപകടമാണ്. തന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹിന്ദുത്വര്‍ക്കും മാനേജ്‌മെന്റിനും അടിയറവ് വെക്കണമെന്ന് പറയുന്നത് ഫാഷിസമാണ്.

ദീപ നിഷാന്തിന്റെ ധീരമായ നിലപാട് പ്രശംസനീയമാണ്. കാലടി സംസ്‌കൃത സര്‍വകലാശാലാ കാംപസില്‍ റിസര്‍ച്ച് സ്‌കോളര്‍ അസോസിയേഷന്‍ നടത്താന്‍ നിശ്ചയിച്ച ഇന്ത്യന്‍ ഫാഷിസത്തെ കുറിച്ചുള്ള സെമിനാറിന് അനുമതി നിഷേധിച്ചതും കേരളം ഹിന്ദുത്വ ഭീകരര്‍ക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ്. അപകടകരമായ ഈ പ്രവണതക്കെതിരേ സാംസ്‌കാരിക രംഗത്തു നിന്ന് പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ഫാഷിസത്തിനെതിരായ യുദ്ധ പ്രഖ്യാപനത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും റഊഫ് പറഞ്ഞു.
Next Story

RELATED STORIES

Share it