Flash News

ഫാഷിസത്തിനെതിരായ പോരാട്ടം : കേരളത്തിന് നിര്‍ണായകമായ സംഭവാനകള്‍ ചെയ്യാനാവും - യെച്ചൂരി



തൃശൂര്‍: ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിന് നിര്‍ണായകമായ സംഭവാനകള്‍ ചെയ്യാനാവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ടാണ് കേരളത്തിനെതിരായ ആക്രമണത്തിനു സംഘപരിവാരം മൂര്‍ച്ച കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി സിപിഎം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് അജന്‍ഡയ്‌ക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം എന്ന പ്രഭാഷണ പരമ്പരയില്‍ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്താകമാനം വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരായ ബദല്‍ രാഷ്ട്രീയത്തിന്റെ മാതൃകയാണ് ഇന്ന് കേരളം. അത് തിരിച്ചറിയുന്നതുകൊണ്ടാണ് അതിനു നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ലക്ഷ്യം വയ്ക്കുന്നത്. ദേശവ്യാപകമായി ഇടതുപക്ഷം അത്ര ശക്തമല്ല എന്ന കാര്യവും അവര്‍ക്കറിയാം. അതേസമയം ഫാഷിസത്തിനെതിരായ ജനകീയപോരാട്ടങ്ങളുടെ ഏക നേതൃത്വം ഇടതുപക്ഷവുമാണ്. ഫാഷിസം എന്നത് കേവലമായ ഭരണമാറ്റമല്ല. അത് വ്യവസ്ഥയെയാകെയാണ് മാറ്റാന്‍ ശ്രമിക്കുന്നത്. അതുവഴി സമഗ്രാധിപത്യമാണ് ലക്ഷ്യമാക്കുന്നത്. ഫാഷിസം ശത്രുക്കളെ നിര്‍മിക്കുകയാണ്. മുസ്‌ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ് എന്നിവരാണ് അവരുടെ ശത്രുക്കള്‍. അവര്‍ സാമൂഹിക മൂല്യങ്ങളെ തന്നെ അട്ടിമറിക്കാനും ശ്രമിക്കുന്നു. പാര്‍ലമെന്ററി ഭരണസംവിധാനത്തെ അട്ടിമറിക്കുക, ഭരണഘടന മാറ്റുക എന്നിവയും ഫാഷിസത്തിന്റെ അജന്‍ഡയാണ്. പാര്‍ലമെന്ററി സംവിധാനത്തിലൂടെ തന്നെ അതിനെ പതുക്ക പതുക്കെ ഇല്ലാതാക്കി ഏകാധിപത്യം സ്ഥാപിക്കുക. ഇത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളെ കഠിനതരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും തൊഴിലാളികളും തമ്മിലുള്ള ഐക്യവും ഫാഷിസത്തിനെതിരാണെന്നു മനസ്സിലാക്കുന്ന അവര്‍ ആ ഐക്യവും തകര്‍ക്കാനും ശ്രമിക്കുന്നു. അതിന് മതത്തിന്റെ പേരിലുള്ള വിഭജനം ആയുധമാക്കുന്നു. ഓരോ കോണിലും വികസിക്കുന്ന മതേതരമൂല്യങ്ങളെ തകര്‍ക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. അതിനാണ് അവര്‍ ഹിന്ദുത്വമെന്ന തീവ്രദേശീയത ഉയര്‍ത്തുന്നത്. ഹിന്ദുത്വമെന്നാല്‍ ദേശീയത രാജ്യസ്‌നേഹമല്ലെന്നു നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it