ഫാഷിസം പുറത്ത് പോവുക: ശംഖുമുഖത്ത് കാംപസ് ഫ്രണ്ടിന്റെ പ്രതിഷേധ കൂട്ടായ്മ

തിരുവനന്തപുരം: സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്കുള്ളതാണ്, ഫാഷിസം പുറത്തുപോവുക എന്ന മുദ്രാവാക്യവുമായി കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി ശംഖുമുഖത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ്യത്ത് സംഘപരിവാര ഫാഷിസ്റ്റുകളുടെ അതിക്രമങ്ങളും വര്‍ഗീയവല്‍ക്കരണവും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ കലഹിക്കുന്നു എന്ന പേരിലുള്ള പ്രതിഷേധ സംഗമം പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി കെ എച്ച് നാസര്‍ ഉദ്ഘാടനം ചെയ്തു.
നാം ഇന്ന് ജീവിക്കുന്നത് ഭരണകൂടം രാജ്യ ദ്രോഹികളെ തേടിക്കൊണ്ടിരിക്കുന്ന കാലത്താണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്ത് മതനിരപേക്ഷതയ്ക്കും ഐക്യത്തിനും സ്ഥാനമുണ്ട് എന്നു തെളിയിക്കുന്നതാണ് ഇതിനെതിരെ ഉയര്‍ന്നുവരുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍. അനുദിനം വര്‍ധിക്കുന്ന ഫാഷിസ്റ്റ് ഗൂഢനീക്കങ്ങള്‍ക്കെതിരായ വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ പ്രതീക്ഷയുണ്ട്. തങ്ങള്‍ക്കെതിരേ സംസാരിക്കുന്നവരെ രാജ്യ ദ്രോഹികളെന്ന് മുദ്രകുത്തുമ്പോള്‍ നമ്മളാണ് രാജ്യസ്‌നേഹികളെന്ന് നമുക്ക് അഭിമാനത്തോടെ പറയാം. ഏകാധിപതികള്‍ക്ക് ഒരിക്കലും ചരിത്രത്തെ തളച്ചിടാന്‍ കഴിയില്ലെന്നത് കാലം തെളിയിച്ചതാണ്. ഫാഷിസത്തിന്റെ കൂരാകൂരിരുട്ടിലും പ്രതീക്ഷയുടെ തിരിനാളങ്ങളുണ്ടെന്നതിന് തെളിവാണ് ഇത്തരം പ്രതിഷേധങ്ങള്‍. വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താമെന്ന് ഭരണകൂടം കരുതേണ്ടെന്നും ഫാഷിസം ചെറുത്തു തോല്‍പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഇന്നുള്ള പ്രതിസന്ധി കേവലം വിദ്യാര്‍ഥികള്‍ മാത്രം നേരിടുന്നതല്ലെന്നും സ്വതന്ത്ര ചിന്തയിലും നിഷ്പക്ഷതയിലും ഉറച്ചുനില്‍ക്കുന്ന സമൂഹമൊട്ടാകെ അതിന്റെ ഇരകളാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ജെ ദേവിക പറഞ്ഞു. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണെന്ന് പറയാന്‍ ഒരു സംഘിയുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശപ്രവര്‍ത്തകരായ വിളയോടി ശിവന്‍കുട്ടി, ആര്‍ അജയന്‍, കരകുളം സത്യകുമാര്‍, എ എസ് അജിത്കുമാര്‍ സംസാരിച്ചു. പ്രതിഷേധ സംഗമത്തില്‍ പാട്ട്, കവിത, എഴുത്ത്, പറയല്‍ തുടങ്ങിയ വിവിധ സമരരീതികളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it