kozhikode local

ഫാറൂഖ് റൗസത്തുല്‍ ഉലൂം പ്ലാറ്റിനം ജൂബിലി; ഉപരാഷ്ട്രപതി മുഖ്യാതിഥി

കോഴിക്കോട്: ഫാറൂഖ് റൗസത്തുല്‍ ഉലൂം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥിയാവും. ഫാറൂഖ് കോളജ് കാംപസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപരിസഭയായ റൗസത്തുല്‍ ഉലൂം അസോസിയേഷന്റെയും പ്രഥമ സ്ഥാപനമായ റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെയും ഒരു വര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കാണ് നാളെ സമാപനം കുറിക്കുന്നത്.
രാവിലെ 10ന് ഫാറൂഖ് കോളജ് എ പി ബാവ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ഡോ. കെ ടി ജലീല്‍, എംപിമാരായ എം കെ.രാഘവന്‍, പി വി അബ്ദുല്‍ വഹാബ്, വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പങ്കെടുക്കും. ജൂബിലി സുവനീര്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറിനും അസോസിയേഷന്റെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി വികെസി മമ്മദ് കോയ എംഎല്‍എയ്ക്കും നല്‍കി ഉപരാഷ്ട്രപതി പ്രകാശനം ചെയ്യും. ആഘോഷ സമാപനത്തോടനുബന്ധിച്ച് ഫിസിക്‌സ്, കംപ്യൂട്ടര്‍ ബ്ലോക്കുകള്‍ നിര്‍മിക്കുന്നുണ്ട്. ഫിസിക്‌സ് ബ്ലോക്ക് പ്രമുഖ വ്യവസായി പി കെ അഹമ്മദും കംപ്യൂട്ടര്‍ ബ്ലോക്ക് ഡോ. ആസാദ് മൂപ്പനുമാണ് നിര്‍മിച്ചുനല്‍കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി കെ അഹമ്മദ്, റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രഫ. എ കുട്ട്യാലിക്കുട്ടി, ഫാറുഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ, മാനേജര്‍ സി പി കുഞ്ഞി മുഹമ്മദ്, റൗസത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഡോ മുസ്തഫ ഫാറൂഖി, കെ കുഞ്ഞലവി, എം അയ്യൂബ് സംബന്ധിച്ചു.



Next Story

RELATED STORIES

Share it