kozhikode local

ഫാറൂഖിന് അടിപതറി; ദേവഗിരി കിരീടം തിരിച്ചുപിടിച്ചു

കെ  പി  റയീസ്

വടകര:  കടത്തനാടന്‍ ഗ്രാമാന്തരത്തില്‍ നൂപുരധ്വനിയുടെ വസന്തം പെയ്തിറക്കിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ബി സോണ്‍ കലോല്‍സവത്തിന് വിരാമം. കലകളെ നെഞ്ചേറ്റിയ പാരമ്പര്യമുള്ള കടത്തനാട്ടുകാര്‍ക്ക് വിസ്മയമൊരുക്കിയാണ് ബി സോണ്‍ കലോല്‍സവം അവസാനിച്ചത്. അഞ്ചു ദിവസങ്ങളിലായി മടപ്പള്ളി കോളജില്‍ പ്രത്യേക സജ്ജമാക്കിയ വേദികളില്‍ നടന്ന കലോല്‍സവത്തില്‍ മൂന്ന് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കിരീടം ദേവഗിരി കോളജ് തിരിച്ചു പിടിച്ചു. പാഠ്യേതര മികവിലെ അസൂയാര്‍ഹമായ നേട്ടവുമായി ദേവഗിരി കോളജ്, ഫാറൂഖ് കോളജിനെ രണ്ടാംസ്ഥാനക്കേത്ത് പിന്തള്ളി. 263 പോയിന്റാണ് ദേവഗിരി കോളജ് നേടിയത്. ഫാറൂഖ് കോളജ് 235 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 116 പോയിന്റ് നേടി മലബ്ബാര്‍ ക്രിസ്റ്റിയന്‍ കോളജ് മൂന്നാംസ്ഥാനത്തെത്തി. ഗുരുവായൂരപ്പന്‍ കോളജ് 103ഉം, പ്രൊവിഡന്‍സ് കോളജ് 80 പോയിന്റും നേടി. ആകെ 16 വ്യക്തിഗത പോയന്റുകള്‍ ഫാറൂഖ് കോളജിലെ കെസി വിവേക് കലാപ്രതിഭ പട്ടം ചൂടിയപ്പോള്‍ ദേവഗിരി കോളജിലെ കീര്‍ത്തന പ്രദീപ് 11 പോയിന്റ് നേടി കലാതിലകം നേടി. കലാമേളക്ക് തുടക്കം കുറിച്ചതു മുതല്‍ ഫാറൂഖ് കോളജും ദേവഗിരി കോളജും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ് നടന്നത്. അതേസമയം ഒന്നാം ദിവസം മുതല്‍ ലീഡ് നിലനിര്‍ത്തിയ ഫാറൂഖ് കോളജിന് സ്റ്റേജിനങ്ങളുടെ രണ്ടാം ദിവസത്തില്‍ കാലിടറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വടകര എംയുഎം സ്‌കൂളില്‍ വച്ച് നടന്ന മേളയില്‍ ആദ്യം മുതലെ ഫാറൂഖ് കോളജായുരുന്നു ലീഡ് നിലനിര്‍ത്തിയത്. ഇത്തവണ വാശിയേറിയ മല്‍സരമാണ് അരങ്ങേറിയത്. തികച്ചും കലാലയ സൗന്ദര്യം പകര്‍ത്തു നല്‍കി തന്നെയാണ് ഇത്തവണ കലാമേള കൊടിയിറങ്ങിയത്. വലിയ തോതിലുള്ള ജനാവലിയാണ് മല്‍സരങ്ങള്‍ കാണാനായി എല്ലാ ദിവസവും എത്തിയത്. എല്ലാ മല്‍സരങ്ങള്‍ നടന്ന വേദികളും എപ്പോഴും ജനനിബിഡമായിരുന്നു. സമാപന സമ്മേളനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ പി സുജ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ നജ്മുസാഖിബ്, പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍, ഡോ. വല്‍സരാജ്, കെ കെ ഹനീഫ, മടപ്പള്ളി കോളജ് പ്രിന്‍സിപ്പല്‍ ചിത്രലേഖ, കെ രശ്മി, പി ജിനീഷ്, ടിടി ജാഫര്‍, ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ ലിന്റോ ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it