malappuram local

ഫാര്‍മസിസ്റ്റുകളില്ലാതെ മരുന്നു വില്‍പന വ്യാപകം



റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: യോഗ്യരായ ഫാര്‍മസിസ്റ്റുകളെ മെഡിക്കല്‍ ഷോപ്പുകളില്‍ നിയമിക്കണമെന്ന് നിയമം അനുശാസിക്കുമ്പോഴും ഇത് പാലിക്കുന്നത് ഉറപ്പു വരുത്താനുള്ള നടപടികള്‍ ജില്ലയില്‍ വാക്കിലൊതുങ്ങുന്നു. ഫാര്‍മസിസ്റ്റുകളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കപ്പെടുന്നില്ല എന്ന പരാതി വ്യാപകമായി ഉയരുമ്പോഴും ഇക്കാര്യത്തില്‍ കാര്യക്ഷമമായ പരിശോധനകള്‍ പോലും നടക്കുന്നില്ല എന്നതാണ് വസ്തുത.സംസ്ഥാനത്താകമാനം സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലൊന്നും യോഗ്യരായ ഫാര്‍മസിസ്റ്റുകളുടെ സേവനമില്ല. സ്വകാര്യ ആശുപത്രികളും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളും താരതമ്യേന കൂടുതലായ മലപ്പുറത്ത് ഇക്കാര്യത്തില്‍ കാര്യക്ഷമമായ പരിശോധനകള്‍ പോലും നടക്കുന്നില്ല. കേന്ദ്ര നിയമമായ ഡ്രഗ്‌സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് 1940നു കീഴിലുള്ള ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് റൂള്‍സ് 1945ലെ മാനദണ്ഡം അനുസരിച്ച് എല്ലാ ചില്ലറവില്‍പനശാലകളിലും മരുന്നുകളുടെ വില്‍പന രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. ഒരു മെഡിക്കല്‍ ഷോപ്പില്‍ കുറഞ്ഞത് യോഗ്യതയുള്ള ഒരു ഫാര്‍മസിസ്റ്റെങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിയമം. പരിശോധനയ്ക്ക് സ്ഥിരം സംവിധാനമില്ലാത്തതിനാല്‍ ഇത് പാലിക്കപ്പെടുന്നില്ല. സംസ്ഥാന വ്യാപകമായി ഔഷധ വില്‍പന ശാലകളില്‍ നടത്തിയ പരിശോധനയില്‍ ഈ ചട്ടലംഘനം കണ്ടെത്തിയതിന്റെ പേരില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പെടെ നടപടിക്കു വിധേയമായത് 207 മെഡിക്കല്‍ ഷോപ്പുകളാണെന്നാണ് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ തന്നെ ആലപ്പുഴയില്‍ 56 സ്ഥാപനങ്ങള്‍ നടപടിക്ക് വിധേയമായപ്പോള്‍ മലപ്പുറം ജില്ലയില്‍ രണ്ടു കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഗ്രാമാന്തരങ്ങളില്‍ പോലും ഫാര്‍മസിസ്റ്റുകളില്ലാതെ മരുന്നു വില്‍പന സജീവമാണെന്നിരിക്കെ, നടപടി കണക്ക് സൂചിപ്പിക്കുന്നത് പരിശോധനകളുടെ കാര്യക്ഷമതയില്ലായ്മയിലേയ്ക്കാണ്. ഡോക്ടര്‍മാരുടെ കുറുപ്പടിയില്ലാതെ ഔഷധങ്ങള്‍ വില്‍ക്കരുതെന്ന നിയമവും ജില്ലയില്‍ പരസ്യമായി ലംഘിയ്ക്കപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it