kasaragod local

ഫാത്തിമത്ത് സുഹറ: കേസിന്റെ നാള്‍വഴികള്‍

വിദ്യാനഗര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടുമുറ്റത്തെ തെങ്ങില്‍ കയറി വീടിന്റെ ഓടിളക്കി കിടപ്പുമുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് തെളിയിക്കാനായത് പോലിസിന്റെയും പ്രോസിക്യൂഷന്റേയും വിജയം. തെളിവുകളൊന്നും അവശേഷിക്കാതെ കുറ്റകൃത്യം നടത്തിയതായിരുന്നു. എന്നാല്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് കേസിന് തെളിവുണ്ടാക്കിയത്.
കര്‍ണാടകയില്‍ നിന്ന് ജോലി തേടി ഉജാര്‍ ഉളുവാറിലെത്തിയ പ്രതി ഉമ്മര്‍ എന്ന ഉമ്മര്‍ ബ്യാരി സുഹ്‌റയുടെ വീട്ടിനടുത്തുള്ള പള്ളി തോട്ടത്തില്‍ ജോലിക്ക് നിന്നതായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ കണ്ടത്. നേരത്തെ രണ്ട് വിവാഹം ചെയ്ത ഇയാള്‍ ഈ പെണ്‍കുട്ടിയോട് വിവാഹഭ്യര്‍ത്ഥന നടത്തി. എന്നാല്‍ അഭ്യര്‍ത്ഥന പെ ണ്‍കുട്ടി നിരസിച്ചു. ഇതിലുള്ള പ്രതികാരം തീര്‍ക്കാനാണ് കുമ്പള ടൗണില്‍ നിന്ന് കത്തി വാങ്ങി ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവ ദിവസം വൈകിട്ട് പെണ്‍കുട്ടി തന്റെ സുഹൃത്തായ കേസിലെ 21ാം സാക്ഷിയായ ഹാജറയോട് തന്നെ ഉമ്മര്‍ ബ്യാരി കൊലപ്പെടുത്തുമെന്നും തനിക്ക് ഭീതിയുണ്ടെന്നും അറിയിച്ചിരുന്നു. ഈ സാക്ഷിയുടെ തെളിവാണ് കോടതി മുഖവിലക്കെടുത്തത്. 2006 ഡിസംബര്‍ 28ന് രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന യൂസഫ് ഉളുവാറിന്റെ പരാതിയിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിറ്റേദിവസം രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. സംഭവം അറിഞ്ഞ് വീട്ടിലെത്തിയ കൂട്ടത്തില്‍ പ്രതി ഉമ്മര്‍ ബ്യാരിയും ഉണ്ടായിരുന്നു. പോലിസിന് ലഭിച്ച അജ്ഞാത ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ കുമ്പള സിഐയും ഇപ്പോഴത്തെ കണ്ണൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുമായ ടി പി രഞ്ജിത്ത് ഇയാളെ ചോദ്യം ചെയ്‌തോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
പിന്നീട് ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി 2011ല്‍ ഒളിവില്‍ പോയി. 2014ല്‍ മഹാരാഷ്ട്ര-ആന്ധ്ര അതിര്‍ത്തിയിലെ നാസിക്കില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ഇയാള്‍ പൂജാരിയുടെ വേഷത്തിലായിരുന്നു. മുടി നീട്ടിവളര്‍ത്തി പൂജകള്‍ ചെയ്തുവരികയായിരുന്നുവെന്ന് പ്രതിയെ അറസ്റ്റ് ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിക്ക് ശിക്ഷ ലഭിച്ചതില്‍ നാട്ടുകാര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പ്രതിക്ക് കൂടുതല്‍ ശിക്ഷ ഉറപ്പുവരുത്താന്‍ അപ്പീലിന് പോകുമെന്ന് പിതാവ് പറഞ്ഞു. വിധിയെ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് യൂസഫ് ഉളുവാര്‍ സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it