ഫാക്ട് പ്രതിസന്ധി; 1,000 കോടി രൂപ കേന്ദ്ര സഹായത്തിന് അനുമതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാന്‍ ആയിരം കോടി രൂപയുടെ കേന്ദ്ര സഹായത്തിന് കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ അനുമതി. ഭൂമി ഈടായി നല്‍കി അഞ്ച് വര്‍ഷംകൊണ്ടു തിരിച്ചടക്കാവുന്ന തരത്തിലായിരിക്കും വായ്പ നല്‍കുക. വായ്പ അനുവദിച്ചാലും പുനരുദ്ധാരണ പാക്കേജ് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
വായ്പ സമ്പന്ധിച്ചുള്ള കരാറില്‍ കേന്ദ്ര രാസവളം മന്ത്രി അനന്ത്—കുമാറിന്റെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ വച്ചായിരിക്കും ധാരണയിലെത്തുക. ഫാക്ട് സന്ദര്‍ശന വേളയില്‍ അനന്ത് കുമാര്‍ പ്രഖ്യാപിച്ച 991.9 കോടി രൂപയുടെ ഫാക്ട് പുനരുദ്ധാരണ പാക്കേജ് അനുകൂലമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ ഉറപ്പുനല്‍കിയിരുന്നു.
കൊച്ചിയിലെ എഫ്എസിടി പ്ലാന്റിന്റെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര രാസവള മന്ത്രി ശ്രീ അനന്ത് കുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എഫ്എസിടിക്കായി മുമ്പ് നടപ്പാക്കിയ പുനരുജ്ജീവന പാക്കേജുകളെക്കാള്‍ വലിയ പാക്കേജ് മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നത്. 15 ദിവസത്തിനുള്ളില്‍ പാക്കേജിന് അനുമതി നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. പ്ലാന്റിന്റെ പുനരുജ്ജീവനത്തിനു പുറമേ വിപുലീകരണവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അനന്ത് കുമാര്‍ മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ വായ്പ ഫാക്ടിന് ഉണര്‍വേകുമെന്ന് ഫാക്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജയ്‌വീര്‍ ശ്രീവാസ്തവ പറഞ്ഞു. ഫാക്ടിന്റെ ഭൂമി വിറ്റോ അല്ലെങ്കില്‍ ഫാക്ടറിയുടെ ലാഭത്തില്‍ നിന്നോ വായ്പ തിരിച്ചടയ്ക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഫാക്ടിന്റെ ഭൂമി വില്‍പന നടത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it