ഫാക്ട്: കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫാക്ടിനെ സംരക്ഷിക്കുന്നതിനു സംസ്ഥാനം തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനിയുടെ പുനരുദ്ധാരണത്തിനായി ഒരു ദീര്‍ഘകാല ഫിനാന്‍ഷ്യല്‍ റീസ്ട്രക്ചറിങ് പാക്കേജ് കേന്ദ്രസര്‍ക്കാരിന് ഫാക്ട് സമര്‍പ്പിച്ചിട്ടുണ്ട്. വായ്പാ ഇനത്തില്‍ 1282.75 കോടി രൂപയും പലിശ ഇനത്തില്‍ 487.76 കോടി രൂപയും കേന്ദ്രത്തിന് നല്‍കാനുണ്ട്. ഈ തുക എഴുതിത്തള്ളണമെന്നും കമ്പനി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും വി കെ ഇബ്രാഹീംകുഞ്ഞിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.കമ്പനിയുടെ അധീനതയിലുള്ളതും നിലവില്‍ ഉപയോഗിക്കാത്തതുമായ ഭൂമി സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായ വികസന സ്ഥാപനമായ കിന്‍ഫ്ര വഴി നടപ്പാക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഭൂമി വില്‍പനയിലൂടെ ലഭിക്കുന്ന തുക ഫാക്ടിന്റെ കടബാധ്യതകള്‍ തീര്‍ക്കാനും നികുതി അടയ്ക്കാന്‍ വിനിയോഗിക്കാനുമാണ് കേന്ദ്ര രാസവള മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിനും ബാങ്കിനുമുള്ള ബാധ്യത തീര്‍ത്താല്‍ ഫാക്ടിന്റെ പുനരുദ്ധാരണത്തിനു പണമുണ്ടാവാത്ത അവസ്ഥയുണ്ടാവും. ഫാക്ടിന്റെ പുനരുദ്ധാരണ പദ്ധതി നേരത്തെതന്നെ കമ്പനി വളം, രാസവസ്തു മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ ഇപ്പോഴത്തെ സ്ഥലം വില്‍പ്പനയുമായി പുനരുദ്ധാരണ പാക്കേജിനെ ബന്ധിപ്പിക്കരുതെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ഫാക്ടിന്റെ വികസന സാധ്യതയും തൊഴിലാളികളുടെ താല്‍പര്യവും കണക്കിലെടുത്ത് ഭൂമി വില്‍പ്പനയിലെ തുക പൂര്‍ണമായും കമ്പനിയുടെ പുനരുദ്ധാരണത്തിന് വിനിയോഗിക്കാന്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 22ന് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഭൂമി വില്‍പ്പനയോട് അനുബന്ധിച്ചുള്ള നികുതി ഒഴിവാക്കുന്നതിന് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഇളവുകള്‍ സാധ്യമാണോയെന്നതും സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്. 12 ലക്ഷം ടണ്‍ ഉല്‍പാദനശേഷിയുള്ള യൂറിയ പ്ലാന്റ് സ്ഥാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് 5 ലക്ഷം ടണ്‍ യൂറിയ പ്ലാന്റ് സ്ഥാപിക്കാമെന്ന അനുകൂല നിലപാടിലേക്ക് കേന്ദ്രം എത്തിയതായി മനസ്സിലാക്കുന്നു.  മുമ്പ് എഫ്എസിടിക്ക് യൂറിയ പ്ലാന്റ് ഉണ്ടായിരുന്നുവെന്നതിനാല്‍ ഇപ്പോള്‍  പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. പുനരുദ്ധാരണത്തിന്റെ ഭാഗമായി നിലവിലുള്ള അമോണിയ പ്ലാന്റിനോടൊപ്പം ഏകദേശം 1,300 കോടി രൂപയുടെ മുതല്‍മുടക്കുള്ള ഒരു യൂറിയ പ്ലാന്റും സ്ഥാപിക്കാന്‍ ഫാക്ടിന് പദ്ധതിയുണ്ട്. കേന്ദ്രത്തിന്റെ ഇറക്കുമതി നയംമൂലം നിര്‍ത്തിവയ്‌ക്കേണ്ടിവന്ന കാപ്രോലാക്ടം പ്ലാന്റിന്റെ പ്രവര്‍ത്തനം പുരനാരംഭിക്കാനും കഴിയേണ്ടതുണ്ട്. എല്‍എന്‍ജി കേരളത്തില്‍ തന്നെ ലഭ്യമാക്കുകയും ഉപയോഗം വ്യാപകമാക്കുകയും ചെയ്താല്‍ അത് കൂടുതല്‍ പ്രയോജനപ്പെടുന്നത് എഫ്എസിടിക്കായിരിക്കും. അക്കാര്യവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it