ഫാക്ടിന് 1000 കോടിയുടെ കേന്ദ്ര ധനസഹായം

ന്യൂഡല്‍ഹി: കൊച്ചി ആസ്ഥാനമായ ഫാക്ടിന് 1000 കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ വായ്പാ സഹായം. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര രാസവളം മന്ത്രി അനന്ത്കുമാര്‍ ഫാക്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജയ്‌വീര്‍ ശ്രീവാസ്തവയ്ക്ക് ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി. കേന്ദ്ര രാസവള മന്ത്രാലയത്തിനുവേണ്ടി ജോയിന്റ് സെക്രട്ടറി ധരംപാലും ഫാക്ടിനു വേണ്ടി സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവയും ഒപ്പുവച്ചു.
അഞ്ചുവര്‍ഷംകൊണ്ട് വായ്പ തിരിച്ചടയ്ക്കണം. ഒരുവര്‍ഷം മൊറട്ടോറിയം ലഭിക്കും. പ്രവര്‍ത്തനമൂലധനമായാണ് വായ്പയെന്നതിനാല്‍ ഇപ്പോഴത്തെ കടബാധ്യത അതേപടി നിലനില്‍ക്കും.
കേരളത്തിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ കര്‍ഷകര്‍ക്ക് ഇന്നൊരു സുപ്രധാന ദിവസമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്യവെ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. വായ്പ ലഭിക്കാന്‍ എന്‍ഒസി നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ഫാക്ട് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായ മുഴുവന്‍ ഫാക്ട് ജീവനക്കാരെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. സ്ഥാപനം യൂറിയ കൂടി ഉല്‍പാദിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഫാക്ടിന് വായ്പ നല്‍കുന്നതിനു നേരത്തേ പാര്‍ലമെന്റ് സമിതി അനുമതി നല്‍കിയിരുന്നു. ഈ വകയിലുള്ള തുക ധനമന്ത്രാലയം രാസവളം മന്ത്രാലയത്തിന് കൈമാറിയിരുന്നെങ്കിലും പെട്ടെന്നാണ് തുക കൈമാറാനുള്ള തിയ്യതി പ്രഖ്യാപിച്ചത്. ഏതുസമയവും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാമെന്നതിനാല്‍ പെരുമാറ്റച്ചട്ട ലംഘനം വന്നാല്‍ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കഴിയില്ല.
കേന്ദ്ര രാസവള സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ആഹിര്‍, രാസവളമന്ത്രാലയം സെക്രട്ടറി അനൂജ്കുമാര്‍ ബിഷ്‌ണോയ്, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ജിജി തോംസണ്‍, ചീഫ് സെക്രട്ടറി പി കെ മൊഹന്തി, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it