kannur local

ഫാം നടത്തിപ്പുകാരന്റെ കൈപ്പത്തി വെട്ടിയ കേസ്: നാലുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഫാം നടത്തിപ്പുകാരന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ചെറുകുന്ന് ഇടക്കേപ്രം കാര്യക്കാരന്‍ ഹൗസില്‍ ഷിനോജ്, ചെറുകുന്ന് പൂങ്കാവ് ആരംഭന്‍ ഹൗസില്‍ ജിജില്‍, കണ്ണപുരം ചൈനാക്ലേ റോഡിലെ എന്‍ പ്രമോദ്, ഇടക്കേപ്രത്തെ രജീഷ് എന്നിവരെയാണ് സിഐ കെ വിനോദ് കുമാറും സംഘവും പിടികൂടിയത്. കൂവേരിയില്‍ കോഴി-പശു ഫാം നടത്തുന്ന മിഥുനിന്റെ കൈപ്പത്തിയാണ് കഴിഞ്ഞ മാസം വെട്ടിമാറ്റിയത്.
പ്രമോദാണ് സംഘത്തലവന്‍. മണല്‍ ബിസിനസ് നടത്തുന്ന ഇയാള്‍ മാട്ടൂലില്‍ പോലിസിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. പ്രമോദിന്റെ ഡ്രൈവറാണ് ഷിനോജ്. മറ്റു രണ്ടുപേരും സഹായികളാണ്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: കൂവേരിയിലാണ് പ്രമോദിന്റെ അമ്മവീട്. പ്രമോദിന് മിഥുനിന്റെ ഫാമിന് സമീപം മൂന്നു ഏക്കര്‍ ഭൂമിയുണ്ട്. ഇതിലേക്ക് ഫാം വഴിയാണ് പോകേണ്ടത്.
ഇതിനടുത്ത സ്ഥലത്ത് പ്രമോദ് ഒരു യുവതിയെ കൊണ്ടുവന്നത് മിഥുന്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതേച്ചൊല്ലി വാക്തര്‍ക്കവും കൈയാങ്കളിയും ഉണ്ടായിരുന്നു. തുടര്‍ന്നാണ് മിഥുനിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ഇതിനിടെ മിഥുന്റെ വിവാഹം നിശ്ചയിക്കുകയും ഫാം ബിസിനസ് ഒഴിവാക്കി വിദേശത്തേക്ക് പോകാന്‍ ഒരുങ്ങുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ പ്രമോദ് മറ്റു പ്രതികളെ ഒപ്പംകൂട്ടി മിഥുനിനെ ആക്രമിക്കുകയായിരുന്നു. പ്രമോദാണ് കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ കര്‍ണാടകയില്‍ ഒളിവിലായിരുന്നു. എസ്‌ഐമാരായ അനില്‍കുമാര്‍, പ്രഭാകരന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കാളികളായി. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it