kasaragod local

ഫഹദ് വധക്കേസ്: പ്രതി കുറ്റക്കാരന്‍; ശിക്ഷ നാളെ

വിദ്യാനഗര്‍: സ്‌കൂളിലേയ്ക്ക് പോവുകയായിരുന്ന എട്ടുവയസുകാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തി. കല്യോട്ട് ജിഎച്ച്എസ്എസിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി ഇരിയ കണ്ണോത്തെ മുഹമ്മദ് ഫഹദിനെ കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തെങ്ങുകയറ്റ തൊഴിലാളിയായ ഇരിയ കണ്ണോത്തെ വിജയനെ(31)യാണ് കാസര്‍കോട് അഡി. സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും 2015 ജൂലൈ ഒമ്പതിന്് രാവിലെയാണ് കല്യോട്ട് ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്.  ഫഹദ് സഹോദരി സഹല, കൂട്ടുകാരനായ അബ്ദുല്‍ അസീസ് എന്നീവര്‍ക്കൊപ്പം സ്‌കൂളിലേക്ക് നടന്നുപോകുമ്പോഴാണ് വിജയന്‍ വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്. ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ വിജയന്‍ വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. മറ്റുകുട്ടികള്‍ ബഹളം വച്ചപ്പോള്‍ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിക്കുകയായിരുന്നു. വിജയനെതിരെ ബേക്കല്‍ പോലിസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ കേസിലും ഇയാള്‍പ്രതിയാണ്. ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.  ഐപിസി 341 (തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തല്‍), 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it