Flash News

ഫഹദ് വധം: കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്‌

സംഘപരിവാര പ്രവര്‍ത്തകന്
ജീവപര്യന്തം കഠിനതടവ് കാസര്‍കോട്: മൂന്നാംതരം വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയും സംഘപരിവാര പ്രവര്‍ത്തകനുമായ ഇരിയ കണ്ണോത്തെ വിജയകുമാറി(31)നെ ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എസ് ശശികുമാര്‍ ജീവപര്യന്തം കഠിനതടവിനും അരലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.
കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥി മുഹമ്മദ് ഫഹദി(8)നെ കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ. പിഴ അടയ്ക്കുന്ന പണം ഫഹദിന്റെ പിതാവ് അബ്ബാസിന് നല്‍കാനും കോടതി ഉത്തരവിട്ടു. ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചപ്പോള്‍ മനോരോഗത്തിന് ചികില്‍സ നടത്തുകയാണെന്നും ചികില്‍സ പൂര്‍ത്തിയാവുന്നതു വരെ വിധി മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പ്രതി മനോരോഗിയാണെന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഉച്ചയ്ക്ക് 2.30ന് കോടതി വീണ്ടും ചേര്‍ന്നപ്പോഴാണ് ശിക്ഷ വിധിച്ചത്.
2015 ജൂലൈ 9ന് രാവിലെ സഹോദരി സഹല, സുഹൃത്ത് അബ്ദുല്‍ അസീസ് എന്നിവര്‍ക്കൊപ്പം സ്‌കൂളിലേക്കു പോവുമ്പോഴാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ വിദ്യാര്‍ഥിയെ വഴിയില്‍ പതിയിരുന്ന പ്രതി കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തിയത്. ഇതിനുശേഷം ഓടിരക്ഷപ്പെട്ട് കാട്ടിലൊളിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി ബേക്കല്‍ പോലിസിന് കൈമാറുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പിയായിരുന്ന ഹരിശ്ചന്ദ്രനായകിന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് സിഐ യു പ്രേമനാണ് കേസ് അന്വേഷിച്ചത്. 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നില്ല.
കുട്ടിയുടെ പിതാവിനോടുണ്ടായിരുന്ന പക തീര്‍ക്കാനാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ട്രെയിന്‍ അട്ടിമറിക്കാന്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പ്രതി പോലിസിന് വ്യാജ സന്ദേശം അയച്ചിരുന്നു. ഇതേത്തതുടര്‍ന്ന് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഒരു മണിക്കൂറോളം കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തി പരിശോധിച്ചിരുന്നു. എന്നാല്‍, ഒന്നും കണ്ടെത്താനായില്ല. ഇതില്‍ പ്രതിയെക്കുറിച്ച് പോലിസിനു വിവരം നല്‍കിയത് കൊല്ലപ്പെട്ട ഫഹദിന്റെ പിതാവ് അബ്ബാസാണെന്ന് സംശയിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്.
തലശ്ശേരിയിലെ ആര്‍എസ്എസ് ക്യാംപില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളാണു വിജയകുമാര്‍. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ വിഷം ചീറ്റുന്ന വര്‍ഗീയപ്രസംഗങ്ങള്‍ ഇയാള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിനു പ്രേരകമായതെന്നാണു സംശയം. എന്നാല്‍, ഇക്കാര്യം പോലിസ് കോടതിയില്‍ ബോധ്യപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചില്ല. അതേസമയം, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ് അബ്ബാസ് ആവശ്യപ്പെട്ടു. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി.
Next Story

RELATED STORIES

Share it