Flash News

ഫസല്‍ വധക്കേസ് :സുബീഷിന്റെ മൊഴിയുള്ള ടേപ്പുകളില്‍ വൈരുധ്യം

ഫസല്‍  വധക്കേസ് :സുബീഷിന്റെ മൊഴിയുള്ള ടേപ്പുകളില്‍ വൈരുധ്യം
X


കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വധിച്ചതിന്റെ വിശദാംശങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ-ഓഡിയോ ടേപ്പുകളുടെ ഉള്ളടക്കങ്ങളില്‍ വൈരുധ്യം. ഫസലിനെ വധിച്ചത് താനുള്‍പ്പെട്ട ആര്‍എസ്എസ് സംഘമാണെന്ന് സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതി മാഹി ചെമ്പ്രയിലെ കുപ്പി സുബീഷ് 2016 നവംബറില്‍ പോലിസ് ചോദ്യംചെയ്യലില്‍ മൊഴിനല്‍കിയിരുന്നു.

ഈ മൊഴിയുടെ വീഡിയോ-ഓഡിയോ ടേപ്പുകളാണ്, ഫസല്‍ വധക്കേസില്‍ സിബിഐ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കെ ടിവി ചാനലുകള്‍ക്ക് പോലിസ് ചോര്‍ത്തിനല്‍കിയത്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയോടൊപ്പം ഫസലിന്റെ അര്‍ധസഹോദരന്‍ അബ്ദുല്‍ സത്താര്‍ എറണാകുളം സിബിഐ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചതും ഇതുതന്നെ.
കൊല നടത്തിയത് എങ്ങനെയെന്നു വിവരിക്കുന്ന രീതിയിലുള്ള ഓഡിയോ സംഭാഷണത്തില്‍ പങ്കാളികളാരെന്നും പറയുന്നുണ്ട്. എന്നാല്‍, സുബീഷ് ആരോടാണ് സംസാരിക്കുന്നതെന്നു വ്യക്തമല്ല. മറുതലയ്ക്കലുള്ള ആളുടെ മറുപടിയും അവ്യക്തമാണ്. ബൈക്ക് ഓടിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് പോലിസ് ചിത്രീകരിച്ച മൊഴിയുടെ വീഡിയോയിലെങ്കില്‍, താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫസലിനെ വെട്ടിയെന്നു സുബീഷ് പറയുന്നതാണ് ഓഡിയോ ടേപ്പിലുള്ളത്. ഇടവഴിയില്‍ ഫസല്‍ വെട്ടേറ്റു കിടക്കുന്നതു കണ്ടുവെന്ന മൊഴിയാണ് വീഡിയോയില്‍. എന്നാല്‍, വെട്ടേറ്റിട്ടും തലശ്ശേരി ടെംപിള്‍ ഗേറ്റിനു സമീപത്തെ വീടിന്റെ ഗേറ്റില്‍ ഫസല്‍ പിടിച്ചുനിന്നതായാണ് ഓഡിയോ ടേപ്പില്‍ പറയുന്നത്. കൂടാതെ, ഫസലിനെ ആക്രമിക്കേണ്ട സ്ഥലത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലും കാര്യമായ വ്യത്യാസമുണ്ട്.
ഫോണ്‍ ടേപ്പുകളും വീഡിയോയും ആറുമാസം മുമ്പുതന്നെ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെന്നും ആഭ്യന്തരവകുപ്പ് വഴി സിബിഐക്ക് കൈമാറിയെന്നുമാണ് പോലിസിന്റെ വാദം. എന്നാല്‍, സുബീഷിന്റെ വീഡിയോ-ഓഡിയോ മൊഴികളില്‍ അവിശ്വസനീതയുണ്ടെന്ന ഉറച്ച നിലപാടിലാണ് സിബിഐ. ഫസല്‍ കൊല്ലപ്പെട്ട സമയത്തെക്കുറിച്ച് സുബീഷ് നല്‍കിയ മൊഴിയും സിബിഐ കണ്ടെത്തിയ സമയവും തമ്മില്‍ യോജിക്കുന്നില്ല. കൊലപാതകത്തിന് ഉപയോഗിച്ചതായി സുബീഷ് പറയുന്ന ആയുധങ്ങള്‍ ഫോറന്‍സിക് നിഗമനങ്ങളുമായി യോജിക്കാത്തതാണെന്നും സിബിഐ പറയുന്നു. ഓഡിയോ ടേപ്പിന് തുല്യമായി മൊഴിയില്‍ സ്വാഭാവികത ഉണ്ടാക്കാന്‍ ചോദ്യംചെയ്യല്‍ വീഡിയോ പല തവണ റിക്കാഡ് ചെയ്തതായി സുബീഷും വെളിപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it