Flash News

ഫസല്‍ വധക്കേസ്: സിപിഎമ്മും പോലീസും നടത്തിയ നാടകം പൊളിഞ്ഞു: കുമ്മനം

ഫസല്‍ വധക്കേസ്: സിപിഎമ്മും പോലീസും നടത്തിയ നാടകം പൊളിഞ്ഞു: കുമ്മനം
X


പത്തനംതിട്ട: ഫസല്‍ വധക്കേസില്‍ സിപിഎമ്മും പോലീസും ചേര്‍ന്ന് നടത്തിയ അന്തര്‍നാടകങ്ങളും കപട രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമെല്ലാം പുറത്തായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പച്ചനുണകളുടെ അടിസ്ഥാനത്തിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. ഫസല്‍ വധക്കേസില്‍ പോലീസിന്റെ വാദമുഖങ്ങളെല്ലാം സിബിഐ കോടതി തള്ളിക്കളഞ്ഞു. കേസില്‍ പ്രതികളായി ഉയര്‍ന്നു കേട്ടിരുന്ന പേരുകളെല്ലാം സിപിഎം നേതാക്കളുടേതാണ്. കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കുള്ള നേതാക്കളാണ് അതില്‍ പെട്ടിരുന്നത്. കുറ്റം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവയ്ക്കാനായി കേരള പോലീസും സിപിഎമ്മും നടത്തിയ വലിയ ഗൂഢാലോചന ഇതോടെ പൊളിഞ്ഞു. കേസ് ശരിയായ ദിശയിലാണ് സിബിഐ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന കണ്ടെത്തല്‍ സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വിലയുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതാണെന്നും കുമ്മനം പറഞ്ഞു.
ഒരാളെ പിടിച്ചുകൊണ്ട് പോയി ദിവസങ്ങളോളം പോലിസ് കസ്റ്റഡിയില്‍ നിഷ്ഠൂരമായി മര്‍ദ്ദിച്ച് മൊഴി കൃത്രിമമായി ഉണ്ടാക്കി വാങ്ങുന്ന പോലീസിന്റെ നടപടി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇതു നടത്തിയ രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെ കേസെടുത്ത് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണം. പോലീസിനെ ഉപയോഗിച്ച് ഓരോ കേസിലും പ്രതികളെ കൃത്രിമമായി സൃഷ്ടിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന നികൃഷ്ടമായ ഏര്‍പ്പാട് സിപിഎം നിര്‍ത്തണം. പച്ച നുണകളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. കേരളത്തെ മുഴുവന്‍ കലാപഭൂമിയാക്കാനായി മര്‍ക്‌സിസ്റ്റ് പാര്‍ട്ടി  പച്ചനുണകളാണ് പ്രചരിപ്പിക്കുന്നത്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു. സുബീഷിനെ പീഡിപ്പിച്ച് ഉണ്ടാക്കിയ കൃത്രിമ മൊഴികളെല്ലാം ഇപ്പോള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. പച്ചക്കള്ളത്തിലധിഷ്ടിതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎം കാലഹരണപ്പെട്ടു. ഈ അറുപഴഞ്ചന്‍ സമ്പ്രദായം വിട്ട് സത്യത്തിനും ധര്‍മ്മത്തിന് നീതിക്കും വേണ്ടി രാഷ്ട്രീയ രംഗത്ത് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.

[related]
Next Story

RELATED STORIES

Share it