Flash News

ഫസല്‍ വധക്കേസ്: വീണ്ടും നീതിപീഠത്തിന്റെ ഇടപെടല്‍, പുനരന്വേഷണ നീക്കത്തിനും തിരിച്ചടി; സിപിഎം നിലയില്ലാക്കയത്തില്‍

ഫസല്‍ വധക്കേസ്: വീണ്ടും നീതിപീഠത്തിന്റെ ഇടപെടല്‍, പുനരന്വേഷണ നീക്കത്തിനും തിരിച്ചടി; സിപിഎം നിലയില്ലാക്കയത്തില്‍
X


ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന തലശ്ശേരിയിലെ മുഹമ്മദ് ഫസലിനെ ചെറിയ പെരുന്നാള്‍ തലേന്നു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണ നീക്കത്തിന് ആദ്യഘട്ടത്തില്‍ തിരിച്ചടി നേരിട്ടതോടെ സിപിഎം നിലയില്ലാക്കയത്തില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്രയിലെ കുപ്പി സുബീഷ് പോലിസ് കസ്റ്റഡിയിലിരിക്കെ നല്‍കിയെന്നു പറയപ്പെടുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഫസലിന്റെ സഹോദരങ്ങളെ സ്വാധീനിച്ചു നടത്തിയ നീക്കമാണ് സിബിഐ കോടതിവിധിയിലൂടെ തകിടം മറിഞ്ഞത്. പുനരന്വേഷണം ആവശ്യമില്ലെന്നു വിധിച്ച കോടതി സുബീഷിന്റെ കസ്റ്റഡി മൊഴി വിശ്വാസയോഗ്യമല്ലെന്നും ചൂണ്ടിക്കാട്ടി. മാത്രമല്ല, കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തേ കണ്ടെത്തിയ സാഹചര്യ-ഫോറന്‍സിക് തെളിവുകളും അട്ടിമറിശ്രമവുമെല്ലാം സിബിഐ കോടതി ശരിവച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ, സിപിഎമ്മിന്റെ കണ്ണൂരിലെ ഉന്നത നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസില്‍ പുതിയ നിയമയുദ്ധം കൂടി തുറക്കുമെന്നുറപ്പായി. മേല്‍ക്കോടതികളെ സമീപിക്കുമെന്നാണ് കാരായി രാജന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇപ്പോള്‍ തന്നെ 11 വര്‍ഷം പിന്നിട്ട കേസ് പുനരന്വേഷണത്തിന്റെ ഭാഗമായി വലിച്ചുനീട്ടുകയെന്ന തന്ത്രമായിരിക്കും സിപിഎം സ്വീകരിക്കുക. കൊലപാതകത്തിന്റെ തുടക്കം മുതല്‍ അട്ടിമറിനീക്കങ്ങളെ അതിജയിച്ചായിരുന്നു ഫസലിന്റെ ഭാര്യ സി എച്ച് മറിയുവിന്റെ നിയമപോരാട്ടം. കൊലപാതകം മറ്റുള്ളവരുടെ പേരില്‍ ആരോപിച്ചതിനു പിന്നാലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം, ഫോണ്‍വിളി വിശദാംശങ്ങള്‍ മായ്ച്ചുകളയല്‍, അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം മാറ്റല്‍, സിബിഐ അന്വേഷണം എതിര്‍ക്കാന്‍ സര്‍ക്കാര്‍ ഖജനാവ് ഉപയോഗിച്ച് സുപ്രിംകോടതി വരെ കേസ് തുടങ്ങി സമാനതകളില്ലാത്ത ശ്രമങ്ങളാണ് ഫസല്‍ വധക്കേസില്‍ അരങ്ങേറിയത്. സിബിഐ കാരായിമാരെ അറസ്റ്റ് ചെയ്യുകയും സിപിഎം വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്നു വരെ ഗുരുതരമായ ആരോപണങ്ങളുള്ള കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത ശേഷമാണ് കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലുമായി പുതിയ നീക്കം. എന്നാല്‍, പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചു പറയി—ച്ചതാണ് മൊഴിയെന്നു സുബീഷ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയതോടെ സിപിഎം പ്രതിരോധം പാളി. 2006 ഒക്‌ടോബര്‍ 22 റമദാനിലെ അവസാന നോമ്പുദിവസം പുലര്‍ച്ചെയാണ് തേജസ് ദിനപത്രം ഏജന്റായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തില്‍ പോലിസ് അന്വേഷണവും ആര്‍എസ്എസിനെ കേന്ദ്രീകരിച്ചായിരുന്നെങ്കിലും അന്വേഷണം പിന്നീട് സിപിഎം പ്രവര്‍ത്തകരിലേക്കു നീണ്ടു. സിപിഎം ഇതിനെ ഭരണസ്വാധീനം ഉപയോഗിച്ചാണ് നേരിട്ടത്. അട്ടിമറിനീക്കം ബോധ്യപ്പെട്ട മറിയു എന്‍ഡിഎഫ് പിന്തുണയോടെ 2007 ഫെബ്രുവരി 4ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 2010 ജൂലൈ 6നു സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോയെങ്കിലും അന്വേഷണം കോടതി ശരിവച്ചു. 2012 ജൂണ്‍ 12നു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗത്യന്തരമില്ലാതെ 2012 ജൂണ്‍ 22ന് എറണാകുളം സിജെഎം കോടതിയില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും കീഴടങ്ങി. കേസിന്റെ ഓരോ ഘട്ടത്തിലും നീതിപീഠത്തില്‍ നിന്നു തിരിച്ചടികള്‍ മാത്രം ലഭിച്ച സിപിഎമ്മിനു സിബിഐ കോടതിയില്‍ നിന്നുകൂടി കനത്ത പ്രഹരമാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it