Flash News

ഫസല്‍ വധക്കേസ്:ആരോപണ -പ്രത്യാരോപണങ്ങളുമായി സിപിഎമ്മും ബിജെപിയും

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷിന്റെ കുറ്റസമ്മത മൊഴിയെച്ചൊല്ലി ആരോപണ-പ്രത്യാരോപണങ്ങളുമായി സിപിഎമ്മും ബിജെപിയും രംഗത്ത്. കേസ് അട്ടിമറിക്കാനും സുബീഷിനെ ഫസല്‍ കേസില്‍ പ്രതി ചേര്‍ക്കാനുമുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെയും കണ്ണൂരിലെ രണ്ട് ഡിവൈഎസ്പിമാരുടെയും ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന നീക്കമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശന്‍ പ്രസ്താവനയില്‍ ആരോപിച്ചു. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയ വിരോധം മൂലം സിപിഎം നേതൃത്വത്തിന്റെ അറിവോടെ  നടത്തിയ കൊലപാതകമാണു ഫസല്‍ വധം. കോടിയേരി ബാലകൃഷ്ണന്‍ അഭ്യന്തര മന്ത്രിയായിരിക്കെ നടന്ന കൊലപാതകം അന്വേഷിച്ച പോലിസും ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും വരെ അന്വേഷിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ് യഥാര്‍ഥ പ്രതികള്‍. നുണ പരിശോധന ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ നേരിടാന്‍ തയ്യാറാണെന്ന് സുബീഷ് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം നേതൃത്വം കാരായി രാജനെയും ചന്ദ്രശേഖരനെയും രക്ഷപ്പെടുത്താന്‍ ഏത് കുടില തന്ത്രവും പ്രയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സുബീഷിന്റെ വാര്‍ത്താസമ്മേളനം ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പോലിസില്‍ രേഖപ്പെടുത്തുന്നതിന് രണ്ടുവര്‍ഷം മുമ്പ് കുറ്റസമ്മതമൊഴി 2014 ല്‍ സുബീഷ് തന്റെ പങ്കാളിത്തം തുറന്നുസമ്മതിച്ച ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റിക്കാഡ് പുറത്തുവന്നകാര്യം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. അത് സംബന്ധിച്ചുള്ള ചോദ്യത്തിന് ആഫോണ്‍ സംഭാഷണം കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് സുബീഷ് പറയുന്നത്. അങ്ങനെയെങ്കില്‍ ഫോണ്‍ സംഭാഷണമുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും സിബിഐ അന്വേഷിക്കണം. പോലിസ് മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്നു പറയുന്ന സുബീഷ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്ന് രണ്ടിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഫസല്‍ സംഭവത്തിലെ ആര്‍എസ്എസ് പങ്കാളിത്തം എത്രമായ്ച്ചാലും ഇല്ലാതാവില്ല. നേതാക്കള്‍ക്കുള്ള പങ്കാളിത്തം കൂടി അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന സാഹചര്യത്തിലാണ് ഭരണസ്വാധീനം ഉപയോഗിച്ച് തുടരന്വേഷണം നടത്താതിരിക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസുകാരെ രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തുന്ന ശ്രമങ്ങളില്‍ പോപുലര്‍ ഫ്രണ്ട് നേതൃത്വവും ഒളിച്ചുകളി തുടരുകയാണ്. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിക്കണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it