Flash News

ഫസല്‍ വധം: സിപിഎം-പോലിസ് ഗൂഢാലോചന പൊളിഞ്ഞു- കോണ്‍ഗ്രസ്

ഫസല്‍ വധം: സിപിഎം-പോലിസ് ഗൂഢാലോചന പൊളിഞ്ഞു- കോണ്‍ഗ്രസ്
X


കണ്ണൂര്‍: തലശ്ശേരിയിലെ ഫസല്‍ വധവുമായി ബന്ധപ്പെട്ട് പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളിയതോടെ സിപിഎം-പോലിസ് ഗൂഢാലോചന പൊളിഞ്ഞെന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവിച്ചു.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ ഐപിഎസ് റാങ്കിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാണ് പ്രതികളെ കണ്ടെത്തിയിട്ടുള്ളത്. തുടരെത്തുടരെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി കോടിയേരി പലപ്പോഴും അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല.
ഫസലിന്റെ ഭാര്യ മറിയു സുപ്രിംകോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയതിന്റെ ഫലമാണ് ഇന്ന് യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ സാധിച്ചത്. കാരായിമാരെ രക്ഷിക്കാന്‍ പോലിസ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയത് കോടതി ഉത്തരവോടെ പാളിപ്പോയത് സിപിഎമ്മിന്റെ ഫസല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ന്യായീകരണങ്ങളും തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ പാര്‍ട്ടിക്ക് ബന്ധമില്ലാത്ത ഒരു കേസില്‍ സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്തു എന്നു കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കാന്‍ പോവുന്നില്ല.
സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നതുപോലെ, നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊല ചെയ്ത സിപിഎമ്മിന്റെ ന്യൂനപക്ഷപ്രേമം കാപട്യമാണ്. ചെയ്ത തെറ്റിന് ഫസലിന്റെ കുടുംബത്തോട് മാപ്പു പറയാന്‍ സിപിഎം തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

[related]
Next Story

RELATED STORIES

Share it