ഫസല്‍ വധം: സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ്. ഫസലിന്റെ സഹോദരന്‍ പി കെ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച ഹരജിയിലാണു നോട്ടീസ്.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് തേജസ് പത്ര വിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് എന്ന കുപ്പി സുബീഷ് മൊഴിനല്‍കിയെന്നും കൂട്ടുപ്രതിയായിരുന്ന ഷിനോജ് ഇതു സമ്മതിച്ചതായും ഹരജിയില്‍ പറയുന്നു. പോലിസിന്റെ സമ്മര്‍ദം മൂലം സുബീഷ് പിന്നീട് മൊഴി മാറ്റി. സുബീഷിന്റെ ആദ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്ന അപേക്ഷ വിചാരണക്കോടതി തള്ളിയതിനാലാണു ഹൈക്കോടതിയെ സമീപിച്ചത്. പോലിസും സിബിഐയും കേസില്‍ തെറ്റായ അന്വേഷണമാണ് നടത്തിയതെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു.
സിപിഎം നേതാക്കളെ കുടുക്കാന്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും അതിനാല്‍ സിബിഐയുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു. സിപിഎമ്മുകാരായ എം കെ സുനില്‍ കുമാര്‍ എന്ന കൊടി സുനി, ബിജു എന്ന പാച്ചൂട്ടി ബിജു, മൊട്ടമ്മേല്‍ ജിതേഷ് എന്ന ജിത്തു, അരുണ്‍ദാസ് എന്ന ചെറിയ അരൂട്ടന്‍, എം കെ കലേഷ് എന്ന ബാബു, അരുണ്‍കുമാര്‍, ചന്ദ്രശേഖരന്‍ എന്ന കാരായി ചന്ദ്രശേഖരന്‍, രാജന്‍ എന്ന കാരായി രാജന്‍ എന്നിവരാണ് നിലവിലെ കേസിലെ പ്രതികള്‍.
Next Story

RELATED STORIES

Share it