Flash News

ഫസല്‍ വധം: മുന്‍ ഡിവൈഎസ്പി സിപിഎമ്മിനെതിരേ വീണ്ടും രംഗത്ത്‌

കൊച്ചി: തലശ്ശേരിയിലെ ഫസല്‍ വധേക്കസിലെ ആദ്യ അന്വേഷണ സംഘത്തലവനായിരുന്ന മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍ സിപിഎമ്മിനെതിരേ ആരോപണവുമായി വീണ്ടും രംഗത്ത്. തന്നെ ഇല്ലാതാക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന് രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എക്‌സൈസില്‍ ജോലിയിലിരിക്കെ താന്‍ പണം വാങ്ങിയെന്നു കാട്ടി പരാതി നല്‍കാന്‍ കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരോട് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു. ലഹരി, സ്‌ഫോടകവസ്തുകള്‍ എന്നിവ കൈവശം വയ്ക്കല്‍ കേസില്‍ തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സിപിഎം നേതാവ്  കോട്ടയം ജില്ലയിലെ കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരെ വിളിച്ചിട്ട് താന്‍ എക്‌സൈസ് അഡീഷനല്‍ കമ്മീഷണറായിരുന്ന കാലത്ത് പണം വാങ്ങിച്ചിട്ടുണ്ടെന്നു പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ അതിനു തയ്യാറായില്ല. ഇതേത്തുടര്‍ന്ന്, വെള്ളപേപ്പറില്‍ ഒപ്പിട്ടു നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടതായും രാധാകൃഷ്ണന്‍ പറഞ്ഞു. തന്റെ ജീവിതം നശിപ്പിച്ച് തന്നെ കൊള്ളരുതാത്തവനായിട്ട് സമൂഹത്തിനു മുന്നില്‍ മുദ്രകുത്തി തന്നെക്കൊണ്ട് ആത്മഹത്യ ചെയ്യിപ്പിക്കുകയെന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നയമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. തന്റെ നീക്കങ്ങള്‍ അറിയുന്നതിനായി തന്റെ ബന്ധുവീടുകളില്‍ പോലും പോലിസ് മഫ്തിയില്‍ എത്തുന്നുണ്ട്. താന്‍ എവിടെയാണ് താമസിക്കുന്നത്. തന്റെ ഭാര്യയും മക്കളും എവിടെയാണ്? എന്താണ് ഇപ്പോഴത്തെ ഉപജീവന മാര്‍ഗം? എന്നിങ്ങനെയുള്ള വിവരങ്ങള്‍ അന്വേഷിച്ചു നടക്കുകയാണെന്നും വിഷയത്തില്‍ കോടതിയില്‍ പരാതി നല്‍കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ രാധാകൃഷ്്ണന്‍ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ ആദ്യ 10 ദിവസത്തെ അന്വേഷണം താനാണ് നടത്തിയതെന്നും തന്റെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടതോടെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഇടപെട്ടു തന്നെ അന്വേഷണത്തില്‍ നിന്നു നീക്കുകയായിരുന്നുവെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് തന്നെ സിപിഎം കഠിനമായി ദ്രോഹിച്ചുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും കൂടുതല്‍ ആരോപണവുമായി രാധാകൃഷ്ണന്‍ രംഗത്തുവന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it