ഫസല്‍ വധം: കാരായിമാരുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജി ഹൈക്കോടതി തള്ളി. എറണാകുളം ജില്ല വിട്ടുപോവരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാനുമാണ്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ജനപ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ജാമ്യവ്യവസ്ഥ തടസ്സമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.
എന്നാല്‍, ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തിയ അതേ സാഹചര്യമാണ് നിലവിലുള്ളതെന്ന് ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. കേസില്‍ വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നുമുള്ള സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.
ജനപ്രതിനിധികളായതിനാല്‍ എല്ലാ ദിവസവും ഓഫിസില്‍ സാന്നിധ്യം ആവശ്യമാണെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി വിചാരണ അട്ടിമറിക്കുമെന്ന് സിബിഐ ബോധിപ്പിച്ചു. ജാമ്യവ്യവസ്ഥയനുസരിച്ച് കണ്ണൂരിലേക്ക് പോവാന്‍ കഴിയില്ലെന്നറിഞ്ഞാണ് ഇവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നും ജാമ്യവ്യവസ്ഥ മറികടക്കാനായിരുന്നു നീക്കമെന്നും സിബിഐ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വേളയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച പ്രതികള്‍ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് തലശ്ശേരിയില്‍ ഉണ്ടായിരുന്നത്. അവര്‍ വിജയിക്കുകയും ഉന്നത സ്ഥാനത്ത് നിയമിക്കപ്പെടുകയും ചെയ്തു. ഇതു സിബിഐ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യസംവിധാനത്തില്‍ ജനങ്ങളുടെ ആഗ്രഹവും തീരുമാനവും പരമോന്നതമാണ്. പക്ഷേ, അത് നിയമവാഴ്ചയ്ക്ക് അധീനമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it