World

ഫലൂജ തിരിച്ചുപിടിക്കാനുള്ള പോരാട്ടം: 130 ഇറാഖി സൈനികര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ ഫലൂജ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ ഐഎസ് പ്രതിരോധം ശക്തമാക്കിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണപരമ്പരകളില്‍ ഇന്നലെ 130 ഇറാഖി സൈനികര്‍ കൊല്ലപ്പെട്ടു. ഇതില്‍ 26 പേര്‍ ശിയാ പോരാളികളാണ്. നൂറോളം സൈനികരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
ദൗത്യം ആരംഭിച്ച ബുധനാഴ്ച കുബൈസാ നഗരത്തിലും അല്‍ സെജാര്‍ ഗ്രാമത്തിലും ഐഎസ് ശക്തമായി പ്രതിരോധിച്ചു. എന്നാല്‍, പ്രതിരോധം നീക്കി സൈന്യം മുന്നേറുകയാണെന്ന് ദൗത്യത്തിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ സാദി അറിയിച്ചു. സൈന്യം നിലവില്‍ നഈമിയാ ജില്ലയിലാണുള്ളത്. ദൗത്യം തുടരുകയാണ്. സാധാരണക്കാരെ മേഖല വിടാന്‍ ഐഎസ് അനുവദിക്കുന്നില്ല.
സാധാരണക്കാരെ രക്ഷപ്പെടുത്തുകയെന്ന തങ്ങളുടെ പ്രധാനലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അത് തടസ്സം സൃഷ്ടിക്കുന്നു- അദ്ദേഹം പറഞ്ഞു. 50,000 സാധാരണക്കാര്‍ മേഖലയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം 70 ഐഎസ് പ്രവര്‍ത്തകരെ വധിച്ചുവെന്ന് സൈന്യം അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it