ഫലൂജയിലകപ്പെട്ട് 50,000 ഇറാഖികള്‍

ബഗ്ദാദ്: ഇറാഖില്‍ ഐഎസിനെതിരായ സൈനിക നീക്കം തുടരുന്ന ഫലൂജയില്‍ നിന്നു പുറത്തുകടക്കാനാവാതെ കഴിയുന്നത് 50,000ലധികം ആളുകള്‍. ഐഎസ് നിയന്ത്രണത്തിലുള്ള ഫലൂജ നഗരത്തെ ഇറാഖി സൈന്യവും സര്‍ക്കാര്‍ സായുധ വിഭാഗങ്ങളും പൂര്‍ണമായി വളഞ്ഞിട്ടുണ്ട്. നഗരത്തില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 800ഓളം ഇറാഖികള്‍ പലായനം ചെയ്തതായി യുഎന്‍ അറിയിച്ചിരുന്നു. നഗരത്തോടു ചേര്‍ന്ന ഐഎസിനു സ്വാധീനം കുറവുള്ള മേഖലകളില്‍ നിന്നുള്ളവര്‍ക്കാണ് പലായനം ചെയ്യാന്‍ സാധിച്ചത്. ഫലൂജയിലെ സ്ഥിതിഗതികള്‍ ദിനംപ്രതി ഗുരുതരമായി വരുകയാണെന്ന് നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലിന്റെ ഇറാഖ് ഡയറക്ടര്‍ നാസര്‍ മുഫ്‌ലാഹി അറിയിച്ചു. നഗരത്തില്‍ നിന്നു പുറത്തു കടക്കുന്നതിനുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ സജ്ജമാക്കുമെന്ന് ഇറാഖി സൈന്യം നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഐഎസ് ചെക്‌പോയിന്റുകള്‍ വെട്ടിച്ച് ഫലൂജയില്‍ നിന്നു പുറത്തു കടക്കുന്നത് അസാധ്യമാണെന്നാണ് നഗരവാസികള്‍ അറിയിച്ചത്. അതേസമയം, ഫലൂജയില്‍ നിന്നു 460ഓളം പേരെ മാറ്റിയതായും ഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണെന്നും പോലിസ് ലെഫ്റ്റനന്റ് ജനറല്‍ റഇദ് ഷാകിര്‍ ജവ്ദാത് അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it