World

ഫലസ്തീന്‍: വിട്ടുവീഴ്ചയില്ലെന്ന് അറബ് ലീഗ്‌

റിയാദ്: ഫലസ്തീന്‍ പ്രശ്‌നത്തില്‍ വിട്ടുവീഴ്ചയില്ലെന്നു വ്യക്തമാക്കി അറബ് ലീഗ് ഉച്ചകോടി. കിഴക്കന്‍ സൗദിയിലെ ദഹ്‌റാനില്‍ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന 29ാമത് അറബ് ലീഗ് ഉച്ചകോടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലെ സല്‍മാന്‍ രാജാവ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. അറബ് ലീഗ് അധ്യക്ഷസ്ഥാനം ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, അറബ് ലീഗ് സമ്മേളനത്തിന് ജറുസലേം ഉച്ചകോടി എന്ന് നാമകരണം ചെയ്യണമെന്നു സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു.
ഇസ്രായേലിനായുള്ള എംബസി തെല്‍അവീവില്‍ നിന്നു ജറുസലേമിലേക്ക് മാറ്റിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ സൗദി രാജാവ് വിമര്‍ശിച്ചു. കിഴക്കന്‍ ജറുസലേം ഫലസ്തീന്റെ അവിഭാജ്യ ഘടകമാണ്. ജറുസലേമിലെ ഇസ്‌ലാമിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിന് 120 മില്യണ്‍ യൂറോ സംഭാവനയും അദ്ദേഹം പ്രഖ്യാപിച്ചു. ഫലസ്തീന്‍ അറബ് ലോകത്തിന്റെ പൊതുവികാരമാണ്. ഫലസ്തീനും അവിടത്തെ ജനങ്ങള്‍ക്കും അറബ് ലീഗിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യുഎന്‍ ഫണ്ടിലേക്കും സല്‍മാന്‍ രാജാവ് സഹായം പ്രഖ്യാപിച്ചു.
ഗള്‍ഫ് മേഖലയിലെ കുഴപ്പങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നു സൗദി ആരോപിച്ചു. ഫലസ്തീന്‍ ജനതയോടൊപ്പം നിലയുറപ്പിക്കല്‍ തങ്ങളുടെ ബാധ്യതയാണെന്നു യോഗത്തില്‍ സംസാരിച്ച ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് വ്യക്തമാക്കി. ഫലസ്തീന്‍ പൗരന്മാര്‍ക്ക് അവകാശപ്പെട്ട രാജ്യം യാഥാര്‍ഥ്യമാവുക തന്നെ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിറിയന്‍ ജനതയുടെ അവകാശത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ഇറാഖ് ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നതായും അബ്ദുല്ല രണ്ടാമന്‍ വ്യക്തമാക്കി. സിറിയയിലെ രാസായുധ ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഉച്ചകോടി സമാപിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it