Flash News

ഫലസ്തീന്‍ മന്ത്രിസഭ ഗസയില്‍ യോഗം ചേര്‍ന്നു



ഗസ സിറ്റി: ഫലസ്തീന്‍ പ്രധാനമന്ത്രി റമി ഹംദല്ലയുടെ നേതൃത്വത്തില്‍ ഗസയില്‍ ഐക്യ മന്ത്രിസഭ യോഗം ചേര്‍ന്നു. 2014നുശേഷം ആദ്യമായാണ് ഫലസ്തീന്‍ മന്ത്രിസഭ ഗസയില്‍ സമ്മേളിക്കുന്നത്. കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രധാനമന്ത്രി റമി ഹംദല്ലയുടെ ഗസ സന്ദര്‍ശനം ആരംഭിച്ചതിനു തൊട്ടുപിറകെയാണു മന്ത്രിസഭായോഗം. 2015ല്‍ ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ തകര്‍ന്ന ശേഷം ആദ്യമായാണ്് അദ്ദേഹം ഗസയിലെത്തുന്നത്. ഒരു പതിറ്റാണ്ടോളമായി തുടരുന്ന ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിനായി ഫലസ്തീന്‍ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ഫതഹ് പാര്‍ട്ടിയും ഗസ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന ഹമാസും അനുരഞ്ജന ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വെസ്റ്റ്ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സര്‍ക്കാര്‍ ഗസയുടെ ഭരണചുമതല ഏറ്റെടുക്കുന്നതിനും ഇരു കക്ഷികളും ധാരണയിലെത്തിയിരുന്നു. ഭിന്നതകളുടെ അധ്യായം മാറ്റാനാണ് തങ്ങള്‍ ഗസയിലെത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് മന്ത്രിസഭായോഗത്തില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതിന് ഐക്യം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗസയിലെ ഭരണസമിതി പിരിച്ചുവിടണമെന്ന ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ്് അബ്ബാസിന്റെ ആവശ്യം ഹമാസ് അംഗീകരിച്ചിരുന്നു. ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഹമാസ്, ഫത്തഹ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
Next Story

RELATED STORIES

Share it