ഫലസ്തീന്‍ ബാലന്റെ കൊലപാതകം: ഇസ്രായേലിയുടെ ശിക്ഷ കോടതി ശരിവച്ചു

തെല്‍അവീവ്: ഫലസ്തീനിയനായ 16കാരന്‍ മുഹമ്മദ് അബു ഖ്‌ദെയ്‌റിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഇസ്രായേലി യോസഫ് ഹായിം ബെന്‍ ഡേവിഡ് ശിക്ഷയര്‍ഹിക്കുന്നതായി കോടതി. കഴിഞ്ഞ നവംബറില്‍ കേസില്‍ കോടതി ബെന്‍ ഡേവിഡിനെ ശിക്ഷിച്ചിരുന്നു. തുടര്‍ന്ന്, മാനസികാസ്വാസ്ഥ്യമുണ്ടെന്നും ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നും കാണിച്ച് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, തുടര്‍ന്നുനടത്തിയ പരിശോധനകളില്‍ ഡേവിഡിന് മാനസികാസ്വാസ്ഥ്യമില്ലെന്നു കണ്ടെത്തുകയും ശിക്ഷയ്ക്ക് അര്‍ഹനാണെന്നു കോടതി വിധിക്കുകയുമായിരുന്നു.
2014 ജൂലൈ രണ്ടിനായിരുന്നു അബു ഖ്‌ദെയര്‍ കൊല്ലപ്പെട്ടത്. കിഴക്കന്‍ ജെറുസലേമിനു സമീപമുള്ള ഷുആഫതില്‍ നിന്ന് പ്രതി അബു ഖ്‌ദെയര്‍റിനെ തട്ടിക്കൊണ്ടുപോവുകയും സമീപത്തെ കാട്ടിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ക്ക് ഡേവിഡ് ശിക്ഷയര്‍ഹിക്കുന്നതായി ഇസ്രായേല്‍ കോടതി വ്യക്തമാക്കി. അടുത്തമാസം മൂന്നിനാണ് ഡേവിഡിന്റെ ശിക്ഷ വിധിക്കുക. കോടതി പുറപ്പെടുവിച്ചത് ശരിയായ വിധിയാണെന്നും അതിനെ അംഗീകരിക്കുന്നുവെന്നും കൊല്ലപ്പെട്ട അബു ഖ്‌ദെയറിന്റെ പിതാവ് ഹുസെയ്ന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it