World

ഫലസ്തീന്‍: ദ്വിരാഷ്ട്ര പരിഹാര സാധ്യത മങ്ങുന്നു- ഗുത്തേറഷ്‌

ന്യൂയോര്‍ക്ക്: ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അഭിപ്രായസമന്വയ സാധ്യത മങ്ങിക്കൊണ്ടിരിക്കുകയാണെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്. ഗസ മുനമ്പിലെ മാനുഷിക സാമ്പത്തിക സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 2020 ആവുമ്പോഴേക്കും ഗസയില്‍ ഫലസ്തീന്‍ ജനത തന്നെ ഇല്ലാതാവുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും ഇസ്രായേലിന്റെ അനധികൃത കൈയേറ്റത്തെയും പാര്‍പ്പിട കേന്ദ്ര നിര്‍മാണത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇതു യുഎന്‍ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ്. ഇതാണ് സമാധാന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന തടസ്സം. ഇതു നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്നും തിരുത്തണമെന്നും യുഎന്‍ ആസ്ഥാനത്തു നടന്ന യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.   ഫലസ്തീനും ഇസ്രായേലിനും ജറുസലേം തലസ്ഥാനമായി അവകാശപ്പെടാന്‍ കഴിയുമെന്ന വാദം അദ്ദേഹം യോഗത്തില്‍ ആവര്‍ത്തിച്ചു. എന്നാല്‍, യുഎസ് എംബസി 2019 അവസാനത്തോടെ ജറുസലേമിലേക്കു മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.  അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നത് കാരണം ഗസയില്‍ രൂക്ഷമായ മാനുഷിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്.  ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it