Flash News

ഫലസ്തീന്‍ തടവുകാരുടെ സമരം : ആശങ്ക പ്രകടിപ്പിച്ച് യുഎന്‍



ന്യൂയോര്‍ക്ക്: ഇസ്രായേല്‍ ജയിലുകളില്‍ നിരാഹാരം തുടരുന്ന ഫലസ്തീന്‍ തടവുകാരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍. ഫലസ്തീന്‍ തടവുകാരുടെ സ്ഥിതി പരിതാപകരമാണെന്നും ഇത് പരിഹരിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കണമെന്നും യുഎന്‍ അഭിപ്രായപ്പെട്ടു. തടവുകാര്‍ക്കെതിരേ ഇസ്രായേല്‍ അധികൃതര്‍ സ്വീകരിക്കുന്ന ശിക്ഷാരീതികള്‍ സംബന്ധിച്ച റിപോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും യുഎന്‍ വ്യക്തമാക്കി.1500ലധികം ഫലസ്തീന്‍ തടവുകാരാണ് കഴിഞ്ഞ മാസം 17 മുതല്‍ നിരാഹാരസമരം തുടരുന്നത്. തടവില്‍ കഴിയുന്ന ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഘോടിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് തടവെന്ന പേരില്‍ ഫലസ്തീന്‍കാരെ ഇസ്രായേല്‍ അനധികൃതമായി തടവില്‍ വയ്ക്കുന്നതും ഏകാന്ത തടവിനു വിധിക്കുന്നതും അവസാനിപ്പിക്കുക, തടവുകാര്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ കൂടുതല്‍ അവസരമനുവദിക്കുക, മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിക്കുന്നു. സമരം തുടരുന്ന തടവുകാരുടെ ആരോഗ്യസ്ഥിതി വഷളായതായി യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ സെയ്ദ് റഅദ്്് അല്‍ ഹുസയ്ന്‍ പറഞ്ഞു. അഭിഭാഷകരുടെ സേവനത്തിനുള്ള അവസരം നിഷേധിക്കുക, ജയിലിലെത്തുന്ന കുടുംബാംഗങ്ങളെ കാണാനനുവദിക്കാതിരിക്കുക തുടങ്ങിയ പ്രതികാര നടപടികള്‍ തടവുകാര്‍ക്കെതിരേ ഇസ്രായേല്‍ അധികൃതര്‍ പ്രയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും ഹൈകമ്മീഷണര്‍ അറിയിച്ചു. നിലവില്‍ 6500ഓളം ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരുണ്ട്. ഇതില്‍ 500ഓളം പേര്‍ അഡ്മിനിസ്‌ട്രേറ്റീവ് തടവെന്ന പേരില്‍ ജയിലില്‍ കഴിയുന്നവരാണെന്ന് ജറുസലേം ആസ്ഥാനമായി തടവുകാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന അദ്ദമീര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രഹസ്യമായ തെളിവുകള്‍ ലഭിച്ചതായി അവകാശപ്പെട്ടാണ് ഇസ്രായേല്‍ അധികൃതര്‍ ഫലസ്തീനികളെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍ വയ്ക്കാന്‍ വിധിക്കുന്നത്. തങ്ങള്‍ക്കെതിരായ കുറ്റമെന്തെന്ന വിവരംപോലും ഇത്തരത്തില്‍ തടവില്‍ കഴിയുന്നവരെ അറിയിക്കുന്നില്ല. കോടതിയില്‍ ഹാജരാക്കുമ്പോള്‍ തങ്ങളുടെ വാദം അവതരിപ്പിക്കാനും ഇവരെ അനുവദിക്കാറില്ല. ഇത്തരം തടവുകാരുടെ തടങ്കല്‍ കാലാവധി അനിയന്ത്രിതമായി ദീര്‍ഘിപ്പിക്കാനും ഇസ്രായേലിന് സാധിക്കുന്നു. തടവുപുള്ളികള്‍ക്ക് അഭിഭാഷകരുടെ സേവനം ലഭ്യമാക്കേണ്ടത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നും അത് തടയുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും സെയ്ദ് റഅദ്്് അല്‍ ഹുസയ്ന്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ അവസാനിപ്പിക്കാന്‍ വിവിധ അന്താരാഷ്ട്ര സംഘടനകള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it