World

ഫലസ്തീന്‍ ചിന്തകനെ വെടിവച്ചു കൊലപ്പെടുത്തി

ക്വാലാലംപൂര്‍: ഫലസ്തീന്‍ ചിന്തകനും എന്‍ജിനീയറും ഹമാസ് അംഗവുമായ ഫദി അല്‍ ബതീഷിനെ (35) രണ്ടംഗ സംഘം വെടിവച്ചു കൊലപ്പെടുത്തി. മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ വച്ചാണ് അല്‍ ബതീഷ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ ഇസ്രായേലി രഹസ്യാന്വേഷണ സംഘടനയായ മൊസാദ് ആണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.
ഇന്നലെ പുലര്‍ച്ചെ നമസ്‌കാരത്തിനായി പള്ളിയിലേക്കു പോവുന്നതിനിടെയായിരുന്നു രണ്ടംഗസംഘം ഫദി അല്‍ ബതീഷിനുനേര്‍ക്ക് വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍തന്നെ അദ്ദേഹം മരിക്കുകയായി—രുന്നുവെന്ന് പോലിസ് അറിയിച്ചു. തന്റെ മകനെ മൊസാദ് പിന്തുടര്‍ന്നിരുന്നതായും ഇസ്രായേല്‍ ചാരസംഘടനയാണു കൊലപാതകത്തിനു പിറകിലെന്നും അല്‍ ബതീഷിന്റെ പിതാവ് പറഞ്ഞു. ആരാണ് തന്റെ മകനെ വധിച്ചതെന്ന് ഉടന്‍ തന്നെ കണ്ടെത്തണമെന്ന് മലേസ്യന്‍ അധികൃതരോട് അവശ്യപ്പെടുന്നതായും അദ്ദേഹം അറിയിച്ചു.
ഗസയിലെ ജബലിയ സ്വദേശിയായ അല്‍ ബതീഷ് തങ്ങളുടെ സംഘടനയില്‍ അംഗമായിരുന്നെന്ന് ഹമാസ് വക്താവ് ഹാസിം ഖസീം അറിയിച്ചു. ഊര്‍ജരംഗത്ത് ഒട്ടേറെ സംഭാവന നല്‍കിയ മഹാനായ ശാസ്ത്രജ്ഞനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്വാലാലംപൂരിലെ സെതാപാക് മേഖലയില്‍ വച്ചാണ് അല്‍ ബതീഷിനുനേര്‍ക്ക് ആക്രമണമുണ്ടായതെന്ന് പോലിസ് അറിയിച്ചു. രണ്ട് അക്രമികള്‍ 20 മിനിറ്റോളം കാത്തുനിന്നശേഷം വെടിയുതിര്‍ക്കുകയായിരുന്നു. 10ലധികം വെടിയുണ്ടകള്‍ അല്‍ ബതീഷിന്റെ ശരീരത്തില്‍ നിന്നു കണ്ടെടുത്തതായും പോലിസ് അറിയിച്ചു. അദ്ദേഹത്തിന്റെ തലയിലടക്കം വെടിയേറ്റതായും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 10 വര്‍ഷമായി മലേസ്യയില്‍ കഴിയുന്ന അല്‍ ബതീഷ് അദ്ദേഹത്തിന്റെ പള്ളിയിലെ രണ്ടാം ഇമാം ആണെന്ന് ഫലസ്തീന്‍ അംബാസഡര്‍ അന്‍വര്‍ അല്‍ ആഘ അറിയിച്ചു.
Next Story

RELATED STORIES

Share it