World

ഫലസ്തീന്‍ ഗായിക റിം ബന്ന അന്തരിച്ചു

ജറുസലേം: ഫലസ്തീന്‍ ഗായിക റിം ബന്ന (51) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ ജന്മനാടായ നസ്രേത്തില്‍ വച്ചായിരുന്നു മരണം. ഒമ്പതു വര്‍ഷത്തോളമായി സ്തനാര്‍ബുദബാധിതയായിരുന്നു. നസ്രേത്തിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഫലസ്തീനിലെ ഇസ്രായേലി അധിനിവേശത്തിനെതിരേ സംഗീതത്തിലൂടെ പ്രതിഷേധിച്ച റിം ബന്ന നിരവധി ആഗോള വേദികളില്‍ സാന്നിധ്യമറിയിച്ചിരുന്നു. പരമ്പരാഗത വേഷത്തിനൊപ്പം ഫലസ്തീന്‍ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമായി കാണുന്ന കഫിയ ചുമലില്‍ ധരിച്ചായിരുന്നു അവര്‍ വേദികളിലെത്തിയത്. 90കളുടെ തുടക്കത്തില്‍ പരമ്പരാഗത ഫലസ്തീനി ഗാനങ്ങള്‍ തന്റേതായ രീതിയില്‍ അവതരിപ്പിച്ചു ശ്രദ്ധേയയായി. തുടര്‍ന്ന് ഫലസ്തീനി കവിതകള്‍ക്ക് സംഗീതം നല്‍കി അവതരിപ്പിച്ചു. 2009ലാണ് കാന്‍സര്‍ രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതയായ ശേഷവും അവര്‍ സംഗീതവേദികളില്‍ പ്രത്യക്ഷപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് പാടാനുള്ള കഴിവ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സംഗീത സംവിധാനത്തിലേക്കു കേന്ദ്രീകരിച്ചിരുന്നു. പ്രശസ്ത ഫലസ്തീനി കവി സുഹൈറ് സബാഗിന്റെ മകളാണ് ബന്ന.
Next Story

RELATED STORIES

Share it