ഫലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ ജാമ്യമില്ലാ തടവിലാക്കുന്നു

ജറുസലേം: മൂന്നു ഫലസ്തീനി കുട്ടികളെ ഇസ്രായേല്‍ വിചാരണകൂടാതെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ ആക്റ്റ് പ്രകാരം ജയിലിലടച്ചതായി ഫലസ്തീന്‍ സന്നദ്ധ സംഘടനകള്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്ത മൂന്നു കുട്ടികളെയാണു വിചാരണ കൂടാതെയുള്ള തടങ്കലിലേക്കു മാറ്റിയിരിക്കുന്നത്. 17കാരായ ഫാദി അബ്ബാസിയെയും മുഹമ്മദ് ഖൈത്തിനെയും ഒക്ടോബര്‍ 19നു അവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയാണു പോലിസ് പിടിച്ചുകൊണ്ടുപോയതെന്നു ഫലസ്തീനിലെ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷനല്‍ അറിയിച്ചു. ഇവരെ രണ്ടുപേരെയും സമപ്രായക്കാരനായ ഖാത്തിം സബീബിനെയും അല്‍ മുകാബിര്‍ കുന്നില്‍ കുട്ടികളെ ചോദ്യംചെയ്യാനായി പ്രത്യേകം തയ്യാറാക്കിയ ഓസ് പോലിസ് സ്റ്റേഷനിലും അല്‍ മസ്‌കൂബിയ കേന്ദ്രത്തിലും ചോദ്യംചെയ്ത ശേഷമാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം ജയിലിലടച്ചത്. ഫലസ്തീനില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇസ്രായേലിന്റെ പുതിയ നീക്കം. ഇതിനുമുമ്പ് 2011ലാണ് കുട്ടികള്‍ക്കെതിരേ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ ഓര്‍ഡര്‍ ചുമത്തിയിരുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ 94 ഫലസ്തീനികളെയാണ് ഇസ്രായേല്‍ ഇങ്ങനെ വിചാരണ കൂടാതെയുള്ള തടങ്കലിലാക്കിയിരിക്കുന്നത്. വിചാരണ കൂടാതെയുള്ള തടങ്കലിനെതിരേ ഫലസ്തീനി തടവുകാരനായ മുഹമ്മദ് അലാന്‍ ജയിലില്‍ നടത്തിയ പട്ടിണി സമരം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
Next Story

RELATED STORIES

Share it