ഫലസ്തീനി മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു

ജെറുസലേം: വെസ്റ്റ്ബാങ്ക് നഗരം റാമല്ലയ്ക്കു സമീപം ബിര്‍സെയ്തില്‍ ആരംഭിച്ച ആദ്യ ഫലസ്തീനി മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.
ഫലസ്തീന്‍ അന്താരാഷ്ട്ര സഹായനിധിയുടെ ധനസഹായത്തോടെ വിവിധ സന്നദ്ധ സംഘടനകളുടെ മേല്‍നോട്ടത്തിലാണ് വലിയ കപ്പലിന്റെ രൂപത്തിലുള്ള മ്യൂസിയം കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്.
ഫലസ്തീനി സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുക എന്നതാണ് മ്യൂസിയം കൊണ്ടു ലക്ഷ്യമിടുന്നതെന്നു പദ്ധതിയുടെ സംഘാടകര്‍ അറിയിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്ക്, ഗസ, ജെറുസലേം, 1948ലെ ഫലസ്തീന്‍ ഭൂപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളതും ലെബ്‌നാനില്‍ അഭയാര്‍ഥികളായി കഴിയുന്നവരുമായ ഫലസ്തീനികളുടെ വികസനാവശ്യങ്ങള്‍ക്കു പിന്തുണ നല്‍കാന്‍ കൂടി ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതായി അവര്‍ പറഞ്ഞു.
ഫലസ്തീനികലുടെ ഓര്‍മകളെ ദൃഢമാക്കാനും വളരെക്കാലം മുന്‍പുതന്നെ ഈ ഭൂമിയില്‍ തങ്ങളുടെ മുന്‍ഗാമികള്‍ ജീവിച്ചിരുന്നുവെന്നു പുതിയ തലമുറയെ ഓര്‍മപ്പെടുത്തുന്നതിനും പുതിയ മ്യൂസിയം സഹായകരമാവുമെന്നു ഫലസ്തീന്‍ പ്രധാനമന്ത്രി മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീനികള്‍ ഒരിക്കലും ഈ മണ്ണ് വിട്ടുകൊടുക്കില്ല. ഇക്കാര്യം ലോകത്തോട് മുഴുവന്‍ ഈ മ്യൂസിയം വിളിച്ചുപറയും. തങ്ങള്‍ ഈ മണ്ണില്‍ തുടരുമെന്നും ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമെന്നും മ്യൂസിയം ഉദ്ഘാടനവേളയില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ പൈതൃകം ഒരിക്കലും വിസ്മൃതമാവില്ലെന്നും അതിനെ അവഗണിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1997 മുതല്‍ ഇത്തരമൊരു സംരംഭത്തെക്കുറിച്ചുചര്‍ച്ചകള്‍ തുടങ്ങിയിരുന്നതായി മ്യൂസിയം ഡയരക്ടര്‍ മഹ്മൂദ് അല്‍ ഹുവാരി പറഞ്ഞു.
28 ദശലക്ഷം യുഎസ് ഡോളറാണ് മ്യൂസിയം നിര്‍മാണത്തിനു ചെലവായത്. 12,000ത്തോളം ചിത്രങ്ങളും ശബ്ദ ദൃശ്യശേഖരവും മ്യൂസിയത്തിലുണ്ട്. ഫലസ്തീന്‍ സമൂഹവും ലോകവും തമ്മിലുള്ള ബന്ധത്തിന്റെ സൂചകമായാണ് കപ്പലിന്റെ സ്തൂപം മ്യൂസിയത്തിനായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു. മ്യൂസിയത്തിന്റെ ഒന്നാംഘട്ടം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
Next Story

RELATED STORIES

Share it