World

ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്‍ മോചിതനായി;മോചനം 94 ദിവസത്തെ നിരാഹാര സമരത്തിനു ശേഷം

തെല്‍അവീവ്: വിചാരണ ചെയ്യാതെ തടവിലാക്കിയതില്‍ പ്രതിഷേധിച്ച് മൂന്നു മാസത്തോളം ഇസ്രായേല്‍ തടവില്‍ നിരാഹാരസമരത്തിലേര്‍പ്പെട്ട ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്‍ മോചിതനായി. മുഹമ്മദ് അല്‍ ഖ്വീഖ്(33) ആണ് 94 ദിവസത്തെ നിരാഹാര സമരത്തിനു ശേഷം മോചിതനായത്. സൗദി ഉടമസ്ഥതയിലുള്ള അല്‍ മജ്ദ് ടിവിയില്‍ റിപോര്‍ട്ടറായി ജോലി ചെയ്യവേയാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. സംഘര്‍ഷത്തിനു ഖ്വീഖ്  നേതൃത്വം നല്‍കിയെന്നും ഗസയില്‍ ഭരണം നടത്തുന്ന ഹമാസുമായി ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. അതേസമയം, ഇസ്രായേലിനെതിരേ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിലാണ് ഖീഖിനെ തടവിലാക്കിയതെന്ന് ഫലസ്തീന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അറസ്റ്റ്. നാലു ദിവസത്തിനു ശേഷം തന്നെ നിരാഹാരം കിടക്കാന്‍ തീരുമാനിച്ചിരുന്നതായിഖ്വീഖ് വെളിപ്പെടുത്തി. തനിക്കെതിരേ കുറ്റം ചുമത്തുകയോ അല്ലെങ്കില്‍ മോചിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു ഖീഖിന്റെ ആവശ്യം. അതേസമയം, അഞ്ചു മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 750 ഫലസ്തീനികളാണ് ഇനിയും ഇസ്രായേല്‍ തടവില്‍ കഴിയുന്നത്. ഇതില്‍ 70ഓളം പേര്‍ ഇപ്പോഴും തടവറയില്‍ നിരാഹാരസമരത്തിലാണ്.
Next Story

RELATED STORIES

Share it