ഫലപ്രഖ്യാപനത്തിന് ക്രമീകരണങ്ങളായി: 244 കേന്ദ്രങ്ങളില്‍ വോട്ടെണ്ണും; പൂര്‍ണമായ ഫലം ഉച്ചയോടെ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും വോട്ടെണ്ണല്‍ ഈ മാസം 7നു രാവിലെ എട്ടുമണിക്ക് ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്കുതലത്തിലുള്ള വിതരണ സ്വീകരണകേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
ഉച്ചയോടെ പൂര്‍ണമായ ഫലം അറിയാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭകളില്‍ അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുമാണ് സജ്ജീകരിക്കുന്നത്.
വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെയും മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനായി ട്രെന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒന്ന് എന്ന രീതിയിലായിരിക്കും കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിക്കുക. പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുക.
ഓരോ തലത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് തലത്തിലെ വരണാധികാരികള്‍ മാത്രം എണ്ണേണ്ടതാണ്. ഒരു ഗ്രാമപ്പഞ്ചായത്തിന്റെ കൗണ്ടിങ് ഹാളില്‍ എത്ര വോട്ടെണ്ണല്‍ മേശകള്‍ സജ്ജീകരിച്ചിട്ടുണ്ടോ അത്രയും എണ്ണം വാര്‍ഡുകളിലെ കണ്‍ട്രോള്‍ യൂനിറ്റുകളായിരിക്കും ആദ്യം സ്‌ട്രോങ് റൂമില്‍നിന്നും ഏറ്റുവാങ്ങി വോട്ടെണ്ണല്‍ നടത്തുക. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക. വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫോറം 25ലെ റിസല്‍ട്ട് ഷീറ്റ് തയ്യാറാക്കുന്ന മുറയ്ക്ക് ഓരോ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡിലെയും ഫലപ്രഖ്യാപനം ഗ്രാമപ്പഞ്ചായത്ത് വരണാധികാരി നടത്തും. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി, വിവിധ ഗ്രാമപ്പഞ്ചായത്ത് കൗണ്ടിങ് മേശകളില്‍നിന്നു ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓരോ ബ്ലോക്ക് വാര്‍ഡിലെയും വോട്ടുകള്‍ ക്രമീകരിച്ച് ആ ബ്ലോക്ക് വാര്‍ഡുകളുടെ ഫലപ്രഖ്യാപനം നടത്തും. നഗരസഭകളില്‍ മറ്റു രേഖകളോടൊപ്പം ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍കൂടി ട്രഷറികളില്‍ സൂക്ഷിക്കും.
ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം ചുവടെ. ജില്ല, വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം ക്രമത്തില്‍: തിരുവനന്തപുരം 16, കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂര്‍ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂര്‍ 20, കാസര്‍കോട് 9.
Next Story

RELATED STORIES

Share it