Pathanamthitta local

ഫലപ്രഖ്യാപനത്തിനൊരുങ്ങി തിരഞ്ഞെടുപ്പ് വിഭാഗം

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്ന ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ് കലക്ടറേറ്റിലെ തിരഞ്ഞെടുപ്പു വിഭാഗം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ വലംകൈയായി നിന്ന് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ നടത്തിയത് ഡെപ്യൂട്ടി കലക്ടര്‍ ഐ അബ്ദുല്‍ സലാമും സംഘവുമാണ്.
ജില്ലയിലെ അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വോട്ടെണ്ണലും ഫലപ്രഖ്യാപനവും സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുന്ന തിരക്കിലാണ് ഇലക്ഷന്‍ വിഭാഗം.
മാര്‍ച്ച് നാലിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയായിരുന്നു തിരഞ്ഞെടുപ്പു വിഭാഗം. 1987ന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ പങ്കാളിയായതിന്റെ അനുഭവസമ്പത്തുമായാണ് അബ്ദുല്‍ സലാം പത്തനംതിട്ടയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത്. കൊല്ലം കുന്നത്തൂരില്‍ തഹസില്‍ദാറായിരുന്നു.
2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു കാലത്ത് ആലപ്പുഴ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായിരുന്നു (ഇഡിസി). കഴിഞ്ഞ ഫെബ്രുവരിയില്‍ പത്തനംതിട്ടയില്‍ ഇഡിസിയായി ചുമതലയേറ്റെടുത്തു.
ഒരു മാസത്തിന് ശേഷം തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ സജീവമായി. തിരഞ്ഞെടുപ്പടുത്ത ദിവസങ്ങളില്‍ ഏകോപനങ്ങള്‍ക്കായി ഡെപ്യൂട്ടി കലക്ടറുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങി ജീവനക്കാര്‍ക്കൊപ്പം ഇരുന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുഴുകിയത്.
ഇലക്ഷന്‍ വിഭാഗത്തിലെ 25 ഓളം ജീവനക്കാരാണ് ഈ ദിവസങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബിനുരാജ്, ഷാജിബേബി, ആര്‍ കെ സുനില്‍, വില്ലേജ് ഓഫിസര്‍മാരായ അജിന്‍ ഐപ്പ് ജോര്‍ജ്, മനോജ് കെ നായര്‍, സിന്ധു, മറ്റു ജീവനക്കാരായ റെജി വി എസ്, സുഭാഷ് ടി പി, ഷീന എസ്, പ്രിയലക്ഷ്മി, ഫിജു, ജി മോഹനന്‍ എന്നിവര്‍ ഇഡിസിക്ക് പൂര്‍ണ പിന്തുണ നല്‍കി.
Next Story

RELATED STORIES

Share it