ernakulam local

ഫലം പ്രവചനാതീതം; ആലുവയില്‍ പ്രതീക്ഷയോടെ മുന്നണികള്‍

അബ്ദുള്‍ഖാദര്‍ പേരയില്‍

ആലുവ: ചരിത്രമുറങ്ങുന്ന ആലുവയില്‍ ഇത്തവണത്തെ അങ്കത്തില്‍ ആര് കൊടിപാറിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇത്തവണ ഫലം പ്രവചനാതീതം. ഭാഗ്യം തുണച്ചാല്‍ പെരിയാര്‍ തീരത്ത് ഒരിക്കല്‍ക്കൂടി ചെങ്കൊടി പാറും. അല്ലെങ്കില്‍ സംസ്ഥാനത്തെ തന്നെ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ ആലുവയില്‍ ഇത്തവണയും ത്രിവര്‍ണ പതാക തന്നെയാവും പാറുക. രണ്ടു തവണ മാത്രം കാറ്റ് മാറി വീശിയ ആലുവയില്‍ ഒരുതവണ ഇടത് സ്വതന്ത്രനും ഒരുതവണ സിപിഎം സ്ഥാനാര്‍ഥിയും ത്രിവര്‍ണ പതാക താഴെവെപ്പിച്ചിരുന്നു.
1967-ല്‍ എം കെ എ ഹമീദാണ് ഇടതു സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ചത്. 2006-ല്‍ സിറ്റിങ് എംഎല്‍എയായ കെ മുഹമ്മദാലിക്കെതിരേ സിപിഎമ്മിലെ എ എം യൂസഫും വിജയിച്ചു. 1980 മുതല്‍ 2005 വരെ നീണ്ട വര്‍ഷങ്ങള്‍ തോല്‍വി എന്തെന്നറിയാതിരുന്ന കെ മുഹമ്മദാലിയെ മലര്‍ത്തിയടിച്ചതോടെ കോണ്‍ഗ്രസ്സിന്റെ കുത്തക അവസാനിപ്പിച്ച സന്തോഷത്തിലായിരുന്നു ഇടത്പക്ഷമെങ്കിലും 2011-ലെ തിരഞ്ഞെടുപ്പില്‍ എ എം യൂസഫിനെ കന്നിക്കാരനായ യുഡിഎഫിലെ അന്‍വര്‍ സാദത്ത് പരാജയപ്പെടുത്തുകയായിരുന്നു. 13,214 വോട്ടായിരുന്നു അന്‍വര്‍ സാദത്തിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ കുത്തക മണ്ഡലമായിരുന്ന ആലുവയുടെ ഘടന മാറുകയും ഗ്രൂപ്പില്‍ത്തന്നെ ഭിന്നത ഉടലെടുക്കുകയും ചെയ്തതോടെയാണ് 2011-ല്‍ മണ്ഡലം ഐ ഗ്രൂപ്പിന് ലഭിച്ചത്. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായിരുന്ന അന്‍വര്‍ സാദത്തിന് നറുക്ക് വീണത് യാദൃശ്ചികമായിട്ടായിരുന്നു.
26 വര്‍ഷം എംഎല്‍എയായിരുന്ന മുഹമ്മദാലിയില്‍ നിന്നും വ്യത്യസ്തനായി ഒറ്റത്തവണകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം നേടിയ ആളായിരുന്നു എ എം യൂസഫ്. വര്‍ഷങ്ങളായി ആലുവയില്‍ നടപ്പാക്കാതിരുന്ന പലതും നടപ്പിലാക്കുവാനും, പലതിനും തുടക്കമിടാനും യൂസഫിനായിരുന്നു. എന്നിട്ടും നവാഗതനായിരുന്ന അന്‍വര്‍ സാദത്തിന് മുന്‍പില്‍ അദ്ദേഹം പരാജയപ്പെട്ടതിന് പിന്നില്‍ ഇടത് ക്യാംപില്‍ വന്‍ ഞെട്ടലുണ്ടാക്കിയിരുന്നു. സീറ്റ് തര്‍ക്കം മൂലം കോണ്‍ഗ്രസ്സില്‍ ശക്തമായ തര്‍ക്കങ്ങളുണ്ടായിരുന്നിട്ടും ഇടതുമുന്നണി തോറ്റത് സിപിഎമ്മിനകത്തുണ്ടായ ചരടുവലികളാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇത്തവണ ഈ വിഭാഗീയത ഉണ്ടാവുമോയെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് ഇടതുകേന്ദ്രങ്ങള്‍ പറയുന്നത്. എംജി യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, സിപിഎം ഏരിയ സെക്രട്ടറി, മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അഡ്വ. വി സലീമിലൂടെ ഇത്തവണ ചെങ്കൊടി പാറിക്കാനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.
പൊതുവില്‍ കോണ്‍ഗ്രസ്സിന് ഏറെ വളക്കൂറുള്ള മണ്ണാണ് ആലുവ എങ്കിലും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും, ഇടതുപക്ഷത്തിനും മേല്‍ക്കോയ്മ ലഭിക്കാറുണ്ട്. ആലുവ നഗരസഭയില്‍ തുടര്‍ച്ചയായി ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. എന്നാല്‍ നേരത്തെ യുഡിഎഫ് ഭരിച്ചിരുന്ന പല പഞ്ചായത്തുകളില്‍ ഇത്തവണ എല്‍ഡിഎഫാണ് ഭരിക്കുന്നത്. നഗരസഭയ്ക്ക് പുറമെ കാഞ്ഞൂര്‍, ശ്രീമൂലനഗരം, എടത്തല പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. ചൂര്‍ണിക്കര, കീഴ്മാട്, ചെങ്ങമനാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരണത്തിലാണുള്ളത്. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമാണ് ആലുവ അതുകൊണ്ടുതന്നെ മുസ്‌ലിം സമുദായത്തില്‍ നിന്നുളളവരെ തന്നെയാണ് ഇരുമുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്. സിറ്റിങ് എംഎല്‍എയ്ക്ക് തന്നെ സീറ്റ് നല്‍കുവാന്‍ തീരുമാനമായതോടെയാണ് അന്‍വര്‍ സാദത്തിന് തന്നെ നറുക്കുവീണത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മുന്‍ ഗ്രാമപ്പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അന്‍വര്‍ സാദത്തിന്റെ രണ്ടാമൂഴത്തില്‍ ത്രിവര്‍ണ പതാക പാറുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് അണികള്‍. സിപിഎം ആകട്ടെ ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഏരിയാ സെക്രട്ടറി കൂടിയായ അഡ്വ. വി സലീമിനെ സ്ഥാനാര്‍ഥിയാക്കിയത്. ഏറെ വൈകീയാണ് ബിജെപിക്ക് ലത ഗംഗാധരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനായത്.
കാംപസ് ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റും നിരവധി മനുഷ്യാവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അജ്മല്‍ ഇസ്മയിലിനെയാണ് എസ്ഡിപിഐ രംഗത്തിറക്കിയിരിക്കുന്നത്. പിഡിപിയിലെ നാസര്‍ കൊടികുത്തുമലയും വെല്‍ഫെയര്‍ പാര്‍ട്ടിയിലെ പി എ സമദും മത്സരരംഗത്തുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും, താന്‍ മണ്ഡലത്തിലുണ്ടാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം മുന്നേറുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വികസനങ്ങളുടെ പേരില്‍ നടന്ന അഴിമതികളും നിരത്തിയാണ് എല്‍ഡിഎഫ് പ്രചാരണരംഗത്തുള്ളത്.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നടത്തിയ മുന്നേറ്റത്തിന്റെയും ജനപിന്തുണയുടെയും കരുത്തിലാണ് എസ്ഡിപിഐ അജ്മല്‍ ഇസ്മായിലിനെ അങ്കത്തിനിറക്കിയിട്ടുള്ളത്. ശക്തമായ പ്രചരണമാണ് എസ്ഡിപിഐ മണ്ഡലത്തില്‍ നടത്തിവരുന്നത്. യുഡിഎഫ് എല്‍ഡിഎഫ് മുന്നണികളുടെ അടവ് രാഷ്ട്രീയ നയങ്ങളും ബിജെപിയുടെ ഫാഷിസ്റ്റ് രാഷ്ട്രീയ നടപടികളും തുറന്നു കാട്ടിയാണ് എസ്ഡിപിഐ പ്രചാരണം ശക്തമാക്കുന്നത്. ബിഡിജെഎസിന്റെ കൂടി പിന്തുണയില്‍ മണ്ഡലത്തില്‍ മുന്നേറ്റം നടത്താനാവുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ലത ഗംഗാധരനെ രംഗത്തിറക്കിയാണ് ബിജെപി പയറ്റുന്നത്. മത്സരരംഗം ചൂടാവുമ്പോള്‍ ആരാണ് ഇത്തവണ ജയിച്ചു കയറുകയെന്നത് പ്രവചനാതീതമാണ്.
Next Story

RELATED STORIES

Share it