kozhikode local

ഫറോക്ക് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം

ഫറോക്ക്: മാനദണ്ഡങ്ങള്‍ പാലിക്കാതെ നികുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു ഫറോക്ക് നഗരസഭ കൗണ്‍സില്‍ യോഗം യുഡിഎഫ് പ്രതിനിധികള്‍ സ്തംഭിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ്‌ചെയര്‍മാന്‍, സെക്രട്ടറിയടക്കമുളളവരെ മണിക്കൂറുകള്‍ കൗണ്‍സില്‍ ഹാളില്‍ തടഞ്ഞുവെച്ചു.
കൗണ്‍സില്‍ യോഗത്തിനിടെ എല്‍ഡിഎഫ്, യുഡിഎഫ് പ്രിതിധികള്‍ തമ്മില്‍ വാക്ക്പോരിലേക്കും കൈയ്യാങ്കളിയിലേക്കും കാര്യങ്ങള്‍ നീങ്ങി. ഒടുവില്‍ പോലിസെത്തി പ്രതിഷേധവുമായി നിലയുറപ്പിച്ച കൗണ്‍സിലര്‍മാരെ മാറ്റിയതോടെയാണ് സംഘര്‍ഷം ഒഴിവായത്. ഫറോക്ക് നഗരസഭയില്‍ നികുതി വര്‍ധനവിനുളള കരട് പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ധനവിനു തീരുമാനമെടുത്തത്. നിലവില്‍ വീടുകള്‍ക്ക് ചതുരശ്രമീറ്ററിന് ആറു രൂപയുളളത് ഒമ്പതാക്കി ഉയര്‍ത്താനാണ് കരടറിങ്ങിയത്. ബഹുജന സംഘടനകള്‍ ഇതിനെതിരെ പരാതി നല്‍കിയെങ്കിലും ഇവരോട് അഭിപ്രായങ്ങള്‍ ആരായാതെയാണ് നികുതി ചതുരശ്രമീറ്ററിന്ന് 8 രൂപയാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
എന്നാല്‍ എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്ന ഭരണ സമിതി നികുതി വര്‍ധനവിനു മുനിസിപ്പാലിറ്റി ചട്ടം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു ആരോപിച്ചാണ് യുഡിഎഫ് പ്രതിഷേധവുമായി രംഗത്തു വന്നത്. നേരത്തെ നഗരസഭ യുഡിഎഫ് ഭരിച്ചരിന്നപ്പോള്‍ 2016 ല്‍ വാണിജ്യാവശ്യത്തിനുളള കെട്ടിടങ്ങളുടെ നികുതി വര്‍ധിപ്പിക്കാനും ഗാര്‍ഹിക ആവശ്യത്തിനു 6 രൂപയില്‍ നിലനിര്‍ത്താനും തീരുമാനിച്ചിരുന്നു. നുകുതി വര്‍ധനവിനു ഒരു തവണ തീരുമാനമെടുത്തു കഴിഞ്ഞാല്‍ ആഞ്ചു വര്‍ഷം കഴിഞ്ഞേ വീണ്ടും നികുതി കൂട്ടാന്‍ പാടുളളുവെന്നാണ് മുനിസിപ്പല്‍ ചട്ടം.
എന്നാല്‍ 2016 ലെ തീരുമാനം റദ്ദ് ചെയ്യാന്‍ പോലും മുതിരാതെയാണ് എല്‍ഡിഎഫ നേതൃത്വത്തിലുളള ഭരണ സമിതി നികുതി വര്‍ധിപ്പിച്ചിരിക്കുന്നതത്രെ. നികുതി വര്‍ധനവില്‍ പിന്നാക്ക മേഖലക്കു കിട്ടേണ്ട ആനുകൂല്യങ്ങളും ഭരണ സമിതി എടുത്തു കളഞ്ഞു. നികുതി വര്‍ധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ചെയര്‍പേഴ്—സണും സെക്രട്ടറിക്കും കഴിയാതെ വന്നതോടെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നികുതി വര്‍ധന നീക്കത്തില്‍ നിന്നു പിന്മാറണമെന്നു ആവശ്യപ്പെട്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രവാക്യം വിളിച്ചു.
ബഹളത്തിനിടെ അജണ്ടകള്‍ ചര്‍ച്ച കൂടാതെ പാസാക്കി യോഗം പിരിച്ചു വിട്ടു നഗരസഭാധ്യക്ഷയും സെക്രട്ടറിയും പോകാനൊരുങ്ങിയപ്പോള്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉപരോധവുമായെത്തി. മുദ്രവാക്യവുമായി കൗണ്‍സില്‍ ഹാളിന്റെ കവാടത്തില്‍ നിലയുറപ്പിച്ച യുഡിഎഫ് പ്രതിനിധികളെ ഫറോക്ക് പോലിസെത്തിയാണ് നീക്കം ചെയ്തത്. ജനപ്രതിനിധികളുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഫറോക്ക് ടൗണില്‍ പ്രകടനം നടത്തി. പി ആസിഫ്, വി മുഹമ്മദ് ഹസ്സന്‍, കെ എ വിജയന്‍, എം ബാക്കിര്‍, ഷംസീര്‍ പാണ്ടികശാല, പി കെ ഷബീറലി, റഹൂഫ് പുറ്റെക്കാട് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it