kozhikode local

ഫറോക്കില്‍ വന്‍ കഞ്ചാവ് വേട്ട; പിടിയിലായത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വില്‍പന നടത്തുന്നവര്‍

ഫറോക്ക്: ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കാനായി മാരുതി കാറില്‍ എത്തിച്ച അഞ്ചരകിലോ കഞ്ചാവുമായി നാലംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. നല്ലൂര്‍ നടുവത്ത്കുഴി വീട് കെ എം അജിത് (22), ചെനപ്പറമ്പ്, പുത്തഞ്ചേരി അനൂപ് (24), നല്ലൂര്‍ പെരിയാരത്ത് പറമ്പ് പ്രസാദ് നിവാസില്‍ പി പ്രജീഷ് (23), ഫാറൂഖ് കോളജ് പൊറ്റമ്മല്‍ സജാദ് (31) എന്നിവരെയാണ് ഷാഡോ പോലിസും ഫറോക്ക് എസ്‌ഐ വിപിന്‍ കെ വേണുഗോപാലും സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഫറോക്ക്, രാമനാട്ടുകര, ഫാറൂഖ് കോളജ് ഭാഗങ്ങളില്‍ വില്‍പന നടത്തുന്നവര്‍ക്ക് എത്തിക്കാനായി കാറിന്റെ ഡിക്കിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പോലിസ് സാഹസികമായാണ് പിടികൂടിയത്. സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവിരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികള്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇവര്‍ വില്‍പന നടത്തുന്നത്. തമിഴ് നാട്ടിലെ തിരൂപ്പൂരില്‍ നിന്നാണ് ഇവര്‍ സ്ഥിരമായി കഞ്ചാവ് എത്തിക്കുന്നത്. എയര്‍പോര്‍ട്ട് റോഡില്‍ കൊണ്ടോട്ടി ഭാഗത്ത് നിന്നു വരികയായിരുന്ന കാറിനെ പിന്തുടര്‍ന്ന് രാമനാട്ടുകര ബൈപ്പാസ് ജങ്ഷനു സമീപം വച്ചാണ് ഇവരെ വലയിലാക്കിയത്.
കാറിന്റെ മുന്നിലുള്ള വാഹനങ്ങള്‍ ഇരു വശത്തും തടഞ്ഞു നിര്‍ത്തി കാറിനു കടന്നു പോവാനാവാതെ പ്രതികളെ പിടികൂടുകയായിരുന്നു. ഫറോക്ക് എസ്‌ഐ ക്ക് പുറമേ ഷാഡോ പോലീസ് അംഗങ്ങളായ കെ മനോജ്, പി സുധര്‍മ്മന്‍, സന്ദീപ് സെബാസ്റ്റ്യന്‍, പി ലതീഷ്, ഫറോക്ക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍മാരായ ബിന്ദു ശ്രീജേഷ്, രതീഷ്, പി എം കൃഷ്ണകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it