ഫര്‍ഹാനും വിഷ്ണുവും നാളെ മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍

നിലമ്പൂര്‍: അന്ധന്‍മാരുടെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ മുഹമ്മദ് ഫര്‍ഹാനും ടീമംഗം യുപി വിഷ്ണുവും നാളെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും. നിലമ്പൂര്‍ മൈലാടി സ്വദേശിയായ അരഞ്ഞിക്കല്‍ മുഹമ്മദ് ഫര്‍ഹാന്‍ എടക്കര ഐസിഡിഎസ് ഓഫിസിലും തിരുവനന്തപുരം സ്വദേശിയായ വിഷ്ണു നെടുമങ്ങാട് ഐസിഡിഎസ് ഓഫിസിലുമാണു ക്ലാര്‍ക്കായി സര്‍ക്കാര്‍ സര്‍വീസിലെ ഇന്നിങ്‌സ് ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ ഡിസംബര്‍ എട്ടിന് ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകകപ്പു നേടിയത്. രാജ്യത്തിന്റെ അഭിമാനങ്ങളായി മടങ്ങിയെത്തിയെ ഫര്‍ഹാനും വിഷ്ണുവിനും ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തേ ഉറപ്പു നല്‍കിയിരുന്നു.
നിര്‍ധന കുടുംബത്തില്‍പെട്ട ഫര്‍ഹാന്‍ സ്വന്തം വീടും സ്ഥലവുമില്ലാതെ വാടക വീട്ടിലാണ് താമസം. മരുന്നു വ്യാപാരികളുടെ സംഘടനയായ എകെസിഡിഎ ജില്ലാ കമ്മിറ്റി വീടുവയ്ക്കാന്‍ ആറു സെന്റ് ഭൂമി വാങ്ങി നല്‍കിയിട്ടുണ്ട്. ആധാരത്തില്‍ നിലമായതിനാല്‍ വീട് നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടില്ല. ജോലി ലഭിച്ച സന്തോഷം പങ്കുവയ്ക്കാന്‍ മാതാവില്ലാത്ത ദുഃഖം മാത്രമാണ് ഫര്‍ഹാനുള്ളത്. കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് മാതാവ് ജമീല മരണപ്പെട്ടത്. സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ വൈകിയതിനാലാണ് ചൊവ്വാഴ്ച ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്നത്. നാളെ എടക്കര ഐസിഡിഎസ് ഓഫിസില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിക്കുമെന്ന് ഫര്‍ഹാന്‍ സന്തോഷത്തോടെ പറഞ്ഞു.നിലവില്‍ കേരളത്തിന്റെ അന്ധ ക്രിക്കറ്റ് ടീം അംഗമായ ഫര്‍ഹാന്‍ ട്വന്റി ട്വന്റി അന്ധ ലോകകപ്പ് മല്‍സരത്തില്‍ കളിക്കാനുള്ള പരിശീലനത്തിലാണ്.
Next Story

RELATED STORIES

Share it