Gulf

ഫയര്‍ സ്റ്റേഷന്‍ ആര്‍ട്ട് ഗാലറിയില്‍ കലാപ്രദര്‍ശനം

ദോഹ: വാദി അല്‍സെയ്‌ലിയിലെ പഴയ ഫയര്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗാലറിയില്‍ ജൂണ്‍ രണ്ടിനു മതാഫിഅ് എന്ന പേരില്‍ പ്രത്യേക കലാപ്രദര്‍ശനം നടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഖത്തര്‍ മ്യൂസിയംസ് അധ്യക്ഷ ശെയ്ഖ അല്‍മയാസ ബിന്‍ത് ഹമദ് ആല്‍ഥാനിയുടെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
മതാഫിഅ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്ന കലാകാരന്‍മാര്‍ ഒമ്പത് മാസത്തോളം ഫയര്‍ സ്റ്റേഷന്‍-ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സില്‍ ചെലവഴിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത കലാ സൃഷ്ടികളില്‍ നിന്നും തിരഞ്ഞെടുത്തവയാണ് ജൂണ്‍ രണ്ടിനു പ്രദര്‍ശിപ്പിക്കുന്നത്. 2015 മാര്‍ച്ചില്‍ ശെയ്ഖ മയാസയാണ് ഫയര്‍ സ്റ്റേഷന്‍-ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സിന്റെ ഉദ്ഘാടനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പഴയ സിവില്‍ സ്റ്റേഷന്‍ നവീകരണ പ്രവൃത്തി ഖത്തര്‍ മ്യൂസിയംസിന്റെ നേതൃത്വത്തില്‍ 2012ലായിരുന്നു ആരംഭിച്ചത്. 24 സ്റ്റുഡിയോകളാണ് കെട്ടിടത്തില്‍ സജ്ജീകരിച്ചത്. 20 സ്റ്റുഡിയോ പ്രവാസി കലാകാരന്‍മാര്‍ക്കു വേണ്ടിയും നാലെണ്ണം സന്ദര്‍ശക കലാകാരന്‍മാര്‍ക്കു വേണ്ടിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ പാര്‍ക്ക്, ലൈബ്രറി, ആര്‍ട്‌സ് ഷോപ്പ്, ഹാന്‍ഡി ക്രാഫ്റ്റ്‌സ്, സിനിമ, പബ്ലിക് ഹാള്‍, റസ്റ്റോറന്റ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it